കൊവിഡ് 19 വ്യാപകമാവുന്നതിന് മുന്‍പിറങ്ങിയ ഡെറ്റോള്‍ ലേബലിലും കൊറോണ; പ്രചാരണങ്ങളിലെ വാസ്തവം ഇതാണ്

By Web TeamFirst Published Mar 8, 2020, 9:36 PM IST
Highlights

മരുന്ന് കമ്പനികളാണ് ഇത്തരം വൈറസ് ഭീതി പടര്‍ത്തുന്നത്. അണുനാശിനിയായ ഡെറ്റോള്‍ നിര്‍മാതാക്കള്‍ വൈറസിനേക്കുറിച്ച് എങ്ങനെയാണ് ആദ്യമറിഞ്ഞത് എന്ന നിലയിലായിരുന്നു പ്രചാരണങ്ങള്‍

കൊറോണ ഭീതി പടരുമ്പോള്‍ ഇത് മനുഷ്യ നിര്‍മ്മിതമായ അസുഖമാണെന്നും മരുന്ന് കമ്പനികളാണ് ഭീതി പടര്‍ത്തുന്നതെന്നുമുള്ള വാദങ്ങള്‍ക്ക് പിന്തുണയായാണ് 2019ലെ ഡെറ്റോളിന്‍റെ പാക്കറ്റില്‍ കൊറോണ വൈറസ് എന്ന കുറിപ്പ് കണ്ടത്. ആരോ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ സംഭവം വൈറലായി.

 

2020ല്‍ ലോക വ്യാപകമായി ഭീതി പടര്‍ത്തിയ കൊറോണ വൈറസിനേക്കുറിച്ച് വ്യാപകമായി ഉപയോഗിക്കുന്ന അണുനാശിനിയായ ഡെറ്റോള്‍ നിര്‍മാതാക്കള്‍ നേരത്തെ അറിഞ്ഞത് എങ്ങനെ? മരുന്ന് കമ്പനികളാണ് ആളുകളെ ഇങ്ങനെ ഭീതിയിലാക്കി നേട്ടമുണ്ടാക്കുന്നത് എന്ന രീതിയിലായിരുന്നു പ്രചാരണങ്ങള്‍ പോയത്. 

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ബൂം ലൈവ് ഫാക്ട് ചെക്കില്‍ കണ്ടെത്തി. ഒരു വിഭാഗം വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ എന്നാണെന്ന് ബൂം ലൈവ് വ്യക്തമാക്കുന്നു. നിലവില്‍ ഭീതി പടര്‍ത്തുന്ന നോവല്‍ കൊറോണ വൈറസുമായി ഡെറ്റോള്‍ പാക്കറ്റിന്‍റെ പുറത്ത് രേഖപ്പെടുത്തിയ കൊറോണ വൈറസിന് ബന്ധമില്ലെന്നും ബൂം ലൈവ് വ്യക്തമാക്കുന്നു. നോവല്‍ കൊറോണ വൈറസില്‍  ഇതുവരെ ഡെറ്റോള്‍ പരീക്ഷണ വിധേയമാക്കിയിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ ബൂം ലൈവിനോട് വ്യക്തമാക്കി. 

മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കൊറോണയ്ക്ക് സമാനമായ മറ്റു വൈറസുകളില്‍ 99 ശതമാനവും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ട്. വൈറസുകളുടെ കൂട്ടം എന്ന അര്‍ത്ഥത്തിലാണ് ലേബലില്‍ കൊറോണ വൈറസ് എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. 

click me!