പത്ത് സെക്കന്‍റ് ശ്വാസ പരിശോധയിലൂടെ കൊറോണ തിരിച്ചറിയാമോ? വാസ്തവം എന്ത്?

By Web TeamFirst Published Mar 11, 2020, 9:43 PM IST
Highlights

എല്ലാ ദിവസം രാവിലെ നടത്തുന്ന പത്ത് സെക്കന്‍റ് ശ്വാസ പരിശോധനയിലൂടെ കൊറോണ വൈറസ് ബാധ തിരിച്ചറിയാമെന്നായിരുന്നു പ്രചാരണം

കൊറോണ ബാധിച്ചോയെന്നറിയാനുള്ള പത്ത് സെക്കന്‍റ് പരിശോധനയുടെ ശാസ്ത്രീയത നിഷേധിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നതോടെ രോഗബാധയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇതിന് പിന്നാലെയാണ് കൊറോണ വൈറസ് ബാധിച്ചോയെന്നറിയാനുള്ള പത്ത് സെക്കന്‍റ് പരിശോധനയെക്കുറിച്ച് പ്രചാരണമെത്തിയത്. 

പ്രചാരണം ഇങ്ങനെയായിരുന്നു

കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന്‍ ഡോക്ടറുടെ മികച്ച രീതി. കൊറോണ വൈറസ് ബാധിച്ചാല്‍ 14-27 ദിവസം വരെ രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടേക്കണമെന്നില്ല. ഈ അവസ്ഥയില്‍ കൊറോണ വൈറസ് ശരീരത്തിലുണ്ടോയെന്ന് എങ്ങനെയറിയാന്‍ കഴിയും? പനിയും ചുമയും മറ്റ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുമ്പോഴേക്കും ശ്വാസകോശത്തില്‍ വൈറസ് ബാധ 50 ശതമാനം വരെയെത്തും. ഫൈബ്രോസിസ് എന്ന അപകടകരമായ നിലയാണ് അത്. തായ്‍വാനിലെ വിദഗ്ധര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗത്തിലൂടെ ശരീരത്ത് വൈറസുണ്ടോയെന്ന് അറിയാന്‍ കഴിയും. ദിവസവും രാവിലെ ദീര്‍ഘശ്വാസമെടുക്കുക. പത്ത് സെക്കന്‍റ്  മറ്റ് ബുദ്ധിമുട്ടുകള്‍ കൂടാതെ ദീര്‍ഘശ്വാസമെടുക്കാന്‍ സാധിക്കുന്നോയെന്ന് നോക്കുക. ചുമയോ നെഞ്ചില്‍ ചെറിയ തടസമോ ഒന്നു കൂടാതെ പത്ത് സെക്കന്‍റ് ദീര്‍ഘശ്വാസമെടുക്കാന്‍ സാധിക്കുന്നെങ്കില്‍ നിങ്ങളില്‍ വൈറസ് ബാധയില്ല. തൊണ്ടയില്‍ ജലാംശം ഉണ്ടെന്നോയെന്നതും ശ്രദ്ധിക്കുക. ഓരോ പതിനഞ്ച് മിനിറ്റിലും വെള്ളം കുടിക്കുക. ഇത് വായിലൂടെ ശരീരത്തില്‍ കയറാന്‍ ശ്രമിക്കുന്ന വൈറസിനെ ആമാശയത്തില്‍ എത്തിക്കും. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഈ വൈറസിനെ നശിപ്പിക്കും. തുടര്‍ച്ചയായി വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ വൈറസ് എത്തും. 

ലോകാരോഗ്യ സംഘടന പറയുന്നത്

ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഖെമര്‍ ഭാഷയില്‍ എല്ലാം ഈ സന്ദേശം വ്യാപകമായി. കിട്ടിയവര്‍ എല്ലാം തന്നെ ഉപകാരപ്രദമായ സന്ദേശം എന്ന നിലയില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് എഎഫ്പി ഫാക്ട് ചെക്ക് സന്ദേശത്തിന്‍റെ വിശ്വാസ്യത പരിശോധിക്കുന്നത്. കൃത്യമായ ലാബ് പരിശോധനയിലൂടെയല്ലാതെ വൈറസ് ബാധ തിരിച്ചറിയാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് റിയോ ജി ജനീറോയിലെ പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധര്‍ വ്യക്തമാക്കുന്നു. ദീര്‍ഘശ്വാസമെടുത്ത് കൊവിഡ് 19 തിരിച്ചറിയാന്‍ സാധിക്കില്ല, ഈ രീതിക്ക് യാതൊരു അടിസ്ഥാനമില്ലെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. കൊവിഡ് 19 ബാധിച്ചവരില്‍ ഫൈബ്രോസിസ് എന്ന നിലയിലെത്താന്‍ അധിക സമയം ആവശ്യമില്ല. ഫൈബ്രോസിസ് എന്ന് ശ്വാസകോശ രോഗാവസ്ഥയിലേക്കെത്താന്‍ മലിനമായ വായുവുള്ള അന്തരീക്ഷത്തില്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആമാശയത്തിലെ ആസിഡ് വൈറസുമായുള്ള പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നത്. 
 

click me!