കൊവിഡ് ബാധിച്ച് പിടയുന്ന പൊലീസുകാരൻ; ആ വീഡിയോ വ്യാജം, സംഭവിച്ചതിതാണ്...

By Web TeamFirst Published Apr 16, 2020, 12:48 PM IST
Highlights
നിര്‍ത്താതെ ചുമച്ചും തുമ്മിയും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വീണു കിടക്കുന്ന പൊലീസുകാരന്‍ കൊവിഡ് കാലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാഴ്ചയാണ്. 'ലോ ചേമ്പര്‍ ഓഫ് എംഡി ആമ്മര്‍ സാക്കി' എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാനും കാരണം ഈ ഭയം തന്നെയാണ്. 
പട്‌ന: നിവര്‍ന്ന് നടക്കാന്‍ പോലുമാവാതെ ഗേറ്റ് കടന്നെത്തി ചുമച്ച് അവശനായി നിലത്തു വീഴുന്ന പൊലീസുകാരന്‍. വീണു കിടക്കുമ്പോഴും നിര്‍ത്താതെ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നു. ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കാന്‍ ശ്രമിക്കുന്നു. ബിഹാറിലെ ഹാജിപൂര്‍ ജയിലിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ. ജനങ്ങളില്‍ ഭീതി പരത്തുന്ന ഈ വീഡിയോ കൊവിഡ് കാലത്തെ തന്നെയോ? യാഥാര്‍ത്ഥ്യമെന്താണ്? 

നിര്‍ത്താതെ ചുമച്ചും തുമ്മിയും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വീണു കിടക്കുന്ന പൊലീസുകാരന്‍ കൊവിഡ് കാലത്ത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന കാഴ്ചയാണ്. 'ലോ ചേമ്പര്‍ ഓഫ് എംഡി ആമ്മര്‍ സാക്കി' എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാനും കാരണം ഈ ഭയം തന്നെയാണ്. 'ഹാജിപൂര്‍ ജലിലിലെ കൊവിഡ് സംശയിക്കുന്ന രോഗി' എന്നാണ് വീഡിയോയുടെ തലക്കെട്ട്.

അഞ്ചു മിനിറ്റ് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കെട്ടിടത്തിന്റെ മുകളില്‍ 'മാണ്ഡല്‍ കാര, ഹാജിപൂര്‍ (വൈശാലി)' എന്ന് എഴുതിയത് കാണാം. കീവേഡുകള്‍ ഉപയോഗിച്ച് 'ആള്‍ട്ട് ന്യൂസ്' ഈ വീഡിയോയുടെ വാസ്തവമറിയാന്‍ യൂട്യൂബില്‍ തെരഞ്ഞു. 'ഇന്‍ക്വിലാബി ഹിന്ദുസ്ഥാനി ലൈവ്' എന്ന യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. എന്നാല്‍ ഇത് കൊവിഡ് ബാധിച്ച പൊലീസുകാരന്‍ അല്ല മറിച്ച് ഒരു മോക്ക് ഡ്രില്ലിന്റെ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് 'ആള്‍ട്ട് ന്യൂസ്' ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി.


ഇതേ വീഡിയോ 'വൈശാലി ന്യൂസ്' എന്ന ചാനലിലും പരാമര്‍ശിച്ചിട്ടുണ്ട്. വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ ഒരു മോക്ക് ഡ്രില്ലിന്റെ ഭാഗം മാത്രമാണെന്ന് ചാനലില്‍ അവതാരക പറയുന്നുണ്ടെന്നും 'ആള്‍ട്ട് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ യഥാര്‍ത്ഥ കൊവിഡ് രോഗിയുടേത് അല്ലെന്ന് 'ദി ക്വിന്റും' റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
കൊവിഡ് കാലത്ത് പരിഭ്രാന്തി പരത്തി പ്രചരിക്കുന്ന ഈ വീഡിയോ വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. 


'ആള്‍ട്ട് ന്യൂസ്' പ്രസിദ്ധീകരിച്ച വാര്‍ത്ത- : Mock drill video from Bihar’s Hajipur jail shared as cop suffering from coronavirus
വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല.

 
click me!