യുകെ വാക്സിന്‍ പരീക്ഷണം; ആദ്യ ഡോസ് സ്വീകരിച്ച വനിത മരണപ്പെട്ടു എന്ന വാര്‍ത്തയുടെ വസ്തുതയെന്ത്?

Published : Apr 28, 2020, 10:12 AM ISTUpdated : May 05, 2020, 01:07 PM IST
യുകെ വാക്സിന്‍ പരീക്ഷണം; ആദ്യ ഡോസ് സ്വീകരിച്ച വനിത മരണപ്പെട്ടു എന്ന വാര്‍ത്തയുടെ വസ്തുതയെന്ത്?

Synopsis

മൈക്രോ ബയോളിജസ്റ്റായ എലൈസ ഗ്രനറ്റോ മരിച്ചതായി ന്യൂസ് എന്‍ടി(News NT) എന്ന ഓണ്‍ലൈനാണ് വാര്‍ത്ത നല്‍കിയത്

ലണ്ടന്‍: യുകെയിലെ കൊവിഡ് 19 വാക്സിന്‍ പരീക്ഷണത്തില്‍ ആദ്യ ഡോസ് സ്വീകരിച്ച മൈക്രോ ബയോളജിസ്റ്റ് ഡോ. എലൈസ ഗ്രനറ്റോ മരണപ്പെട്ടു എന്നത് വ്യാജ വാര്‍ത്ത. എലൈസ ഗ്രനറ്റോ മരിച്ചതായി ന്യൂസ് എന്‍ടി(News NT) എന്ന ഓണ്‍ലൈനാണ് വാര്‍ത്ത നല്‍കിയത്. ഇതോടെ വാര്‍ത്തയുടെ സ്‍ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. എന്നാല്‍ താന്‍ സുഖമായിരിക്കുന്നതായി ട്വിറ്റര്‍ വീഡിയോയിലൂടെ എലൈസ ഗ്രനറ്റോ ലോകത്തെ അറിയിച്ചു. 

എലൈസ മരിച്ചെന്ന വാര്‍ത്ത യുകെ ആരോഗ്യ വകുപ്പും തള്ളി. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

കഴിഞ്ഞ 24-ാം തീയതിയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മരുന്ന് പരീക്ഷണം ബ്രിട്ടനില്‍ ആരംഭിച്ചത്. ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ രണ്ട് പേര്‍ക്കാണ് നല്‍കിയത്. ഡോ. എലൈസ ഗ്രനറ്റോയായിരുന്നു ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണത്തിനായി 800 സന്നദ്ധ പ്രവര്‍ത്തകരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്സ്‍ഫര്‍ഡിലെ വാസ്കിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്. പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. വാക്സിന് വിധേയമാകുന്ന ആളുകളെ നിരന്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതകളുണ്ടെന്നും റിസ്ക്കുകള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മരുന്ന് പരീക്ഷണം നടത്തുന്നതെന്നും എന്നാല്‍ അപകടസാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

PREV
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check