രാജ്യത്തെ എല്ലാ എടിഎമ്മുകളും അടച്ചിടുന്നതായുള്ള വാട്സ്ആപ്പ് ഫോര്‍വേഡ് വ്യാജം- Fact Check

Published : May 09, 2025, 04:06 PM ISTUpdated : May 09, 2025, 05:25 PM IST
രാജ്യത്തെ എല്ലാ എടിഎമ്മുകളും അടച്ചിടുന്നതായുള്ള വാട്സ്ആപ്പ് ഫോര്‍വേഡ് വ്യാജം- Fact Check

Synopsis

ആരും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ ഇന്ന് നടത്താന്‍ പാടില്ലെന്നും വ്യാജ വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നു

ദില്ലി: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ച്ചയായി നടക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടുന്നതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പ്രചാരണം തെറ്റാണെന്ന് ബോധ്യമായതിന് പിന്നാലെ സംശയാസ്‌പദമായ മറ്റൊരു സന്ദേശം വാട്സ്ആപ്പില്‍ വ്യാപകമായിരിക്കുകയാണ്. രാജ്യത്തെ എടിഎമ്മുകള്‍ രണ്ടുമൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ പോകുന്നു എന്നാണ് ഈ വ്യാജ പ്രചാരണം. ഇതിന്‍റെ വസ്‌തുത വിശദമായി അറിയാം. 

പ്രചാരണം

ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടുമൂന്ന് ദിവസത്തേക്ക് എടിഎമ്മുകള്‍ അടച്ചിടുമെന്നാണ് വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റാന്‍സംവെയര്‍ സൈബര്‍-അറ്റാക്ക് നടക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് എടിഎമ്മുകള്‍ അടച്ചിടുന്നതെന്നും, ഇന്ന് ആരും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ പാടില്ലെന്നും വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നു. ഇതേ സന്ദേശം എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കറങ്ങുന്നുണ്ട്. അതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. 

വസ്‌തുത

രാജ്യത്ത് എടിഎമ്മുകള്‍ 2-3 ദിവസത്തേക്ക് അടച്ചിടുമെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എടിഎം സെന്‍ററുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നത് തുടരും. അതിനാല്‍, എടിഎമ്മുകള്‍ അടച്ചിടുമെന്ന വ്യാജ വാട്‌സ്ആപ്പ് ഫോര്‍വേഡ് ആരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു. 

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വാർത്തകൾ തെറ്റെന്ന് പിഐബി ഇന്നലെ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു പിഐബിയുടെ വിശദീകരണം. എല്ലാ വിമാനത്താവളങ്ങളും അടയ്‌ക്കുന്ന നടപടി കേന്ദ്രസർക്കാർ എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, വടക്കേ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങള്‍ നിലവിലെ സംഘര്‍ഷങ്ങളുടെ ഭാഗമായുള്ള പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാലത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലുമുള്ള നിയന്ത്രണമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check