
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ നിയന്ത്രിച്ച ഓണ്‍-ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളാണ് റിച്ചാര്‍ഡ് കെറ്റില്‍ബെറോ. ലോകകപ്പ് അവസാനിച്ച് ദിവസങ്ങള്‍ മാത്രം കഴിഞ്ഞ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഒരു വാര്‍ത്ത ആരാധകരെ ഏറെ ആശങ്കയിലും സങ്കടത്തിലുമാഴ്‌ത്തിയിരിക്കുകയാണ്. റിച്ചാര്‍ഡ് കെറ്റില്‍ബെറോ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. കെറ്റില്‍ബെറോ ജീവനോടെയുണ്ടോ എന്ന് ചോദിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അനവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ വാര്‍ത്തയുടെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
2023 നവംബര്‍ 28ന് നടന്ന കാര്‍ അപകടത്തില്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ കൊല്ലപ്പെട്ടു എന്നാണ് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ കാണുന്നത്. റീല്‍സിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുക്കുന്നു.
ലോകകപ്പ് അംപയറായ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ജീവനോടെയുണ്ടോ എന്ന് ചോദിച്ച് നിരവധി ട്വീറ്റുകളും കാണാനാവുന്നതാണ്. അവയുടെ ലിങ്കുകള്‍ 1, 2, 3. ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ താഴെ കാണാം.
വസ്‌തുത
എന്നാല്‍ ക്രിക്കറ്റ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ കാര്‍ അപകടത്തില്‍ മരണമടഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അദേഹം സുഖമായിരിക്കുന്നതായി ഐസിസി മീഡിയ മാനേജര്‍ ദി ക്വിന്‍റിനോട് പറഞ്ഞു.
റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഫീല്‍ഡ് അംപയറായിരുന്ന ഏകദിന ലോകകപ്പ് 2023 ഫൈനലില്‍ ഓസ്‌ട്രേലിയയോട് ടീം ഇന്ത്യ പരാജയം രുചിച്ചിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ 50 ഓവറില്‍ 240ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. റിച്ചാര്‍ഡ് കെറ്റില്‍ബെറോ നിയന്ത്രിച്ച ഈ കലാശപ്പോരിന് പിന്നാലെയാണ് അദേഹത്തെ കുറിച്ച് വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
Read more: തലകീഴായി മറിഞ്ഞ് ചങ്ങാടം, എല്ലാവരും വെള്ളത്തില്‍; രമ്യ ഹരിദാസ് എംപിയുടെ ഫണ്ടില്‍ നിര്‍മിച്ചതോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം