ദലിത് ബാലന്‍റെ കൊലപാതകം; ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം വ്യാജ വാര്‍ത്ത നല്‍കിയെന്ന പ്രചാരണം പച്ചക്കള്ളം

By Web TeamFirst Published Jun 10, 2020, 6:52 PM IST
Highlights

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിൽ കയറിയതിന് ദലിത് ബാലനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കെട്ടിച്ചമച്ചതാണ് എന്ന് പ്രചരിപ്പിക്കുകയാണ് 'പത്രിക' എന്ന ഓണ്‍ലൈന്‍.

ലക്‌‌നൗ: ഉത്തര്‍പ്രദേശില്‍ ദലിത് ബാലനെ ക്ഷേത്രത്തിൽ കയറിയതിന് വെടിവെച്ചു കൊന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന പ്രചാരണം പച്ചക്കള്ളം. ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ച 17കാരനായ ദലിത് ബാലന്‍ വികാസ് ജാദവിനെ മേല്‍ജാതിക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഓംപ്രകാശ് ജാദവിന്‍റെ പരാതിയാണ് ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചത്. വികാസ് ജാദവിന്‍റെത് ജാതിക്കൊലയാണ് എന്ന വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് കുടുംബം. സംഭവത്തില്‍, പിന്നാലെവന്ന പൊലീസ് വിശദീകരണവും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം നല്‍കിയിരുന്നു. എന്നാല്‍, ക്ഷേത്രത്തിൽ കയറിയതിന് ദലിത് ബാലനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം കെട്ടിച്ചമച്ചതാണ് എന്ന് പ്രചരിപ്പിക്കുകയാണ് 'പത്രിക' എന്ന ഓണ്‍ലൈന്‍.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രചാരണം ഇങ്ങനെ

 

(ഏഷ്യാനെറ്റ് ന്യൂസിനെ അപകീര്‍ത്തിപ്പെടുത്തുന്ന 'പത്രിക' വാര്‍ത്തയുടെ ലിങ്ക്)

'പത്രിക'യുടെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കി വസ്‌തുതകള്‍

ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിനെതിരെ പത്രിക നല്‍കിയിരിക്കുന്ന വ്യാജ വാര്‍ത്തയില്‍ രണ്ട് ആരോപണങ്ങളാണുള്ളത്. 1. ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം വ്യാജ വാര്‍ത്ത നല്‍കി. 2. പൊലീസ് കണ്ടെത്തല്‍ വാര്‍ത്തയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കി. ഈ രണ്ട് ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി കൊലപാതകവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം പ്രസിദ്ധീകരിച്ച രണ്ട് വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. 

ആദ്യത്തെ വാര്‍ത്ത- ദളിത് ബാലന്‍റെ മരണത്തെ കുറിച്ച് ജൂണ്‍ 8ന് നല്‍കിയത്

 

ലഖ്‌നൗ: ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ച 17കാരനായ ദലിത് ബാലനെ മേല്‍ജാതിക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വികാസ് ജാദവ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ രാത്രിയില്‍ വീട്ടിലെത്തി ബാലന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെടിവെക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട 17കാരന്റെ പിതാവ് ആരോപിച്ചു. ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്തെ മേല്‍ജാതിക്കാരുമായി പ്രശ്‌നമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് വികാസ് ജാദവിന്റെ പിതാവ് ഓംപ്രകാശ് ജാദവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

മാര്‍ച്ച് 31നാണ് സംഭവം. ക്ഷേത്രത്തില്‍ മകന്‍ പ്രാര്‍ത്ഥിക്കാന്‍ കയറുന്നത് ചൗഹാന്‍ വിഭാഗക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നമുണ്ടായി. അന്നും അവര്‍ മകനെ മര്‍ദ്ദിച്ചു. മുമ്പ് ഇത്തരത്തില്‍ ഒരനുഭവമുണ്ടായിട്ടില്ല. ഗ്രാമത്തിലെ കുറച്ച് പേരാണ് അന്ന് മകനെ രക്ഷിച്ചത്-പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. ഹോറം ചൗഹാന്‍, ലാലാ ചൗഹാന്‍ തുടങ്ങിയവര്‍ രാത്രിയില്‍ വീട്ടില്‍ കയറിവന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ വെടിവെച്ച് ‍കൊലപ്പെടുത്തി തങ്ങളെ ഭീഷണിപ്പെടുത്തിയാണ് സ്ഥലം വിട്ടതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

വാര്‍ത്തയുടെ ലിങ്ക്: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ കയറിയതിന് ദലിത് ബാലനെ മേല്‍ജാതിക്കാര്‍ വെടിവെച്ച് കൊന്നെന്ന് പരാതി

മരിച്ചയാളുടെ പിതാവിന്‍റെ പരാതി എന്ന നിലയ്‌ക്കാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയെ ഉദ്ധരിച്ചായിരുന്നു ഈ വാര്‍ത്ത. ഇന്ത്യാ ടുഡേ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ

 

 

രണ്ടാമത്തെ വാര്‍ത്ത- ജൂണ്‍ 9ന് പൊലീസ് വിശദീകരണം സംബന്ധിച്ചുള്ളത്

 

'അമ്രോഹയിലെ ദലിത് ബാലന്‍റെ കൊലപാതകം സാമ്പത്തികതർക്കം കാരണമെന്ന് സ്ഥലം എസ്‌പി' എന്ന തലക്കെട്ടിലാണ് പൊലീസിന്‍റെ വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം നല്‍കിയത്. കൊല്ലപ്പെട്ട വികാസ് ജാദവിന്റെ ജ്യേഷ്ഠനും, അക്രമികളുമായി നിലനിന്നിരുന്ന സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള തർക്കമാണ് ഈ കൊലയിലേക്ക് നയിച്ചത് എന്ന് എസ്‌പി പറഞ്ഞതായി വാര്‍ത്തയിലുണ്ട്. 'ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തിന്റെ തുടർച്ചയായിട്ടാണ് ഈ കൊലപാതകം നടന്നത്' എന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അമ്രോഹ എസ്‌പി വിപിൻ ടാഡയുടെ ഭാഗത്തു നിന്ന് വന്നിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

ഈ വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്നും കൊലപാതകം ജാതിവെറിയുടെ പേരിൽ നടന്നതാണ് എന്നുമാണ് കൊല്ലപ്പെട്ട വികാസ് ജാദവിന്റെ ബന്ധുക്കൾ ആവർത്തിക്കുന്നത്. അവരുടെ വാദം ഇങ്ങനെ. "വികാസും കസിൻ സഹോദരനായ ദിലെ സിങ്ങും ഒന്നിച്ച് മെയ് 31 -ന് ഗ്രാമത്തിലെ അമ്പലത്തിലേക്ക് പോകും വഴിയാണ് ആദ്യത്തെ വഴക്കുണ്ടാകുന്നത്. അപ്പോൾ, ചൗഹാൻ കുടുംബത്തിലെ രണ്ടു പേർ എത്തി അവരെ അമ്പലത്തിൽ കയറുന്നതിൽ നിന്ന് വിലക്കി. അവരെ മർദ്ദിക്കുകയും ചെയ്തിരുന്നു. അടികൊണ്ട രണ്ടുപേരും ചേർന്ന് അന്നുതന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടിരുന്നു. ആ പരാതിയിന്മേൽ ഒരു നടപടിയും ഉണ്ടായില്ല എന്നുമാത്രമല്ല, പരാതി കിട്ടിയ വിവരം ചൗഹാൻമാർ അറിയുകയും ചെയ്തു. പരാതിയെപ്പറ്റി അറിഞ്ഞശേഷമാണ് ഇപ്പോൾ ഇങ്ങനെ ഒരു കടുംകൈ അവരുടെ ഭാഗത്തു നിന്ന് വീണ്ടും ഉണ്ടായിരിക്കുന്നത് ".

ഈ വാര്‍ത്തയുടെ പൂര്‍ണരൂപം വായിക്കാം...

വായനക്കാരോട്...

അമ്രോഹയിലെ ദലിത് ബാലന്റെ കൊലപാതകം ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തെ തുടര്‍ന്നാണ് എന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ആദ്യം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ദലിത് ബാലന്റെ കൊലപാതകം സാമ്പത്തികതർക്കം കാരണമെന്ന് സ്ഥലം എസ്‌പി വിശദീകരിക്കുന്ന വാര്‍ത്ത തൊട്ടടുത്ത ദിവസം പുറത്തുവന്നു. ഇതും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം വിശദമായി നല്‍കി. അതേസമയം, ദലിത് ബാലന്‍റെ കൊലപാതകം ജാതിവെറിയുടെ പേരിലാണ് എന്ന വാദത്തില്‍ ഇപ്പോഴും കുടുംബം ഉറച്ചുനില്‍ക്കുകയാണ്. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത നല്‍കി എന്ന പ്രചാരണം മനപ്പൂര്‍വം സൃഷ്‌ടിക്കുകയാണ് പത്രിക എന്ന ഓണ്‍ലൈന്‍ വ്യാജ വാര്‍ത്തയിലൂടെ. 

"

click me!