രാജ്യത്ത് 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ കാണാം. ഈ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം.
ദില്ലി: രാജ്യത്ത് 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള വ്യാജ പ്രചാരണം വീണ്ടും. 500 രൂപ നോട്ടുകളുടെ നിരോധനം വരുന്നതായി സമൂഹ മാധ്യമമായ എക്‌സിലാണ് വ്യാപകമായ പ്രചാരണം നടക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ എക്‌സില്‍ കാണാം. ഈ സാഹചര്യത്തില്‍ വസ്‌തുത വ്യക്തമാക്കി വിശദീകരണവുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം രംഗത്തെത്തി.
പിഐബിയുടെ ട്വീറ്റ് ഇങ്ങനെ
രാജ്യത്ത് 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ അവകാശവാദങ്ങളുണ്ട്. എന്നാല്‍ ഈ അവകാശവാദം തെറ്റാണ്. ഇത്തരമൊരു പ്രഖ്യാപനവും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ല. സാമ്പത്തിക കാര്യങ്ങളും തീരുമാനങ്ങളുമായി ബന്ധപ്പെട്ട സത്യസന്ധമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വൃത്തങ്ങളെ മാത്രം സമീപിക്കുക. 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നതായി ഈയടുത്തിടെയൊന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ ധനകാര്യ മന്ത്രാലയമോ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.
500 രൂപ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതാദ്യമല്ല. കുറച്ച് ആഴ്‌ചകള്‍ മുമ്പ് സമാനമായ പ്രചാരണം എക്‌സും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. അന്നും വിശദീകരണവുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തിയിരുന്നു.



