പ്രധാനമന്ത്രി മുദ്ര ലോണ്‍ യോജന എന്ന പേരിലാണ് അനുമതി കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ ഏഴ് ലക്ഷം രൂപ ലോണ്‍ അനുവദിച്ചതായി കത്തില്‍ പറയുന്നു. വസ്‌തുത ഫാക്‌ട് ചെക്കിലൂടെ പരിശോധിക്കാം.
ദില്ലി: വെറും 860 രൂപ അടച്ചാല്‍ ഏഴ് ലക്ഷം രൂപ ഉടനടി ലോണ്‍ ലഭിക്കുമെന്ന തരത്തിലൊരു അനുമതി കത്ത് പ്രചാരണം പലരും കണ്ടുകാണും. ഈയടുത്ത ദിവസങ്ങളില്‍ എക്‌സ് (പഴയ ട്വിറ്റര്‍) അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കണ്ട അനുമതി കത്താണിത്. പിഎം മുദ്ര യോജന പദ്ധതിക്ക് കീഴിലാണ് ഈ ലോണ്‍ അനുവദിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്. എന്താണ് ഈ ലോണ്‍ പ്രചാരണത്തിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം.
പ്രചാരണം
പ്രധാനമന്ത്രി മുദ്ര ലോണ്‍ യോജന എന്ന പേരിലാണ് അനുമതി കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ ഏഴ് ലക്ഷം രൂപ ലോണ്‍ അനുവദിച്ചതായി കത്തില്‍ പറയുന്നു. ലോണ്‍ തുക ലഭിക്കാന്‍ 860 രൂപ എഗ്രിമെന്‍റ് ചാര്‍ജായി നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നു. ലോണിന് എത്ര ശതമാനമായിരിക്കും പലിശയെന്നും എത്ര രൂപ മാസംതോറും തിരിച്ചടയ്‌ക്കണമെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
വസ്‌തുത
എന്നാല്‍, പ്രധാനമന്ത്രി മുദ്ര ലോണ്‍ യോജന എന്ന പേരില്‍ ഏഴ് ലക്ഷം രൂപ ലോണ്‍ നല്‍കുന്നതായുള്ള അനുമതി കത്ത് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. മുദ്ര പദ്ധതി പ്രകാരം നേരിട്ട് ചെറുകിട സംരംഭങ്ങള്‍ക്കോ വ്യക്തികള്‍ക്കോ വായ്‌പ നല്‍കുന്നില്ലെന്നും പിഐബിയുടെ ട്വീറ്റിലുണ്ട്. മുദ്ര പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങിയ ലിങ്കും പിഐബി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചു.



