Fact Check | ദില്ലി സ്‌ഫോടനം: കാറിന്‍റെ സിഎൻജി പൊട്ടിത്തെറിച്ചാണ് അപകടം എന്ന് സ്ഥിരീകരിച്ചതായുള്ള വാദം തള്ളി പിഐബി ഫാക്‌ട് ചെക്ക്

Published : Nov 11, 2025, 08:54 AM IST
delhi blast

Synopsis

കാറിന്‍റെ സിഎൻജി പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് (ക്രമസമാധാനം) രവീന്ദ്ര യാദവ് സ്ഥിരീകരിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. വസ്‌തുത വ്യക്തമാക്കി പിഐബി ഫാക്‌ട് ചെക്ക് വിഭാഗം. 

ദില്ലി: ദില്ലിയില്‍ ഇന്നലെ രാത്രിയോടെയുണ്ടായ സ്‌ഫോടനം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ദില്ലി സ്ഫോടനത്തിന്‍റെ കാരണമറിയാന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കവേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പല വിവരങ്ങളും കിംവദന്തികളും പ്രചരിക്കുന്നുണ്ട്. കാറിന്‍റെ സിഎൻജി പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ (ക്രമസമാധാനം) രവീന്ദ്ര യാദവ് സ്ഥിരീകരിച്ചതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം തള്ളിയിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം.

പിഐബി ഫാക്‌ട് ചെക്കിന്‍റെ വിശദീകരണം ഇങ്ങനെ

'സിഎൻജി പൊട്ടിത്തെറിച്ചാണ് ദില്ലിയില്‍ സ്‌ഫോടനമുണ്ടായതെന്ന് രവീന്ദ്ര യാദവ് സ്ഥിരീകരിച്ചതായി ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദം തെറ്റാണ്. ദില്ലി പൊലീസില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും സ്ഫോടന കാരണം സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. ദില്ലി സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്'- എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍, ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങളല്ലാതെ മറ്റൊന്നും ആരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്നും ആവശ്യപ്പെട്ടു.

 

 

രാജ്യം നടുങ്ങിയ ദില്ലി സ്ഫോടനം

ഇന്നലെ വൈകിട്ട് 6.55-ഓടെ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് സാവധാനമെത്തിയ ഒരു ഹ്യൂണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു. ഒരു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. എട്ട് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് കേന്ദ്ര സർക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സ്ഫോടനത്തിന്‍റെ കാരണമറിയാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം അതീവജാഗ്രതയിലാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check