വിക്ടേഴ്സ് തത്സമയ സംപ്രേഷണത്തിലെ പിഴവിന് ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറയുന്നതെന്തിന്?

By Web TeamFirst Published Sep 10, 2020, 12:42 PM IST
Highlights

 മികച്ച സൗകര്യങ്ങളൊരുക്കിയ സ്കൂളുകളെക്കുറിച്ചുള്ള വീഡിയോ പ്ലേ ചെയ്യുന്നതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് തത്സമയവാർത്തയുടെ ശബ്ദസംപ്രേഷണം ഇടയ്ക്ക് കയറിയത്. ഇതിൽ സംഭവിച്ചതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക്. 

തിരുവനന്തപുരം: 'മികവിന്‍റെ കേന്ദ്രം' പദ്ധതിയിലുൾപ്പെടുത്തി 34 സ്കൂളുകളിൽ മികച്ച പഠനസൗകര്യങ്ങളൊരുക്കിയതിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ തത്സമയശബ്ദസംപ്രേഷണം വന്നത് പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായിരുന്നു. എന്നാൽ അവയിൽച്ചില മാധ്യമങ്ങൾ, ശബ്ദസംപ്രേഷണം ഇടയ്ക്ക് കയറിപ്പോയതിൽ ഏഷ്യാനെറ്റ് ന്യൂസ് ഖേദം പ്രകടിപ്പിച്ചുവെന്ന് വാർത്ത നൽകി. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി അടക്കം സംപ്രേഷണം ചെയ്ത ഉദ്ഘാടനച്ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ശബ്ദസംപ്രേഷണം കയറിപ്പോയതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിച്ചോ? 

സംഭവിച്ചത് എന്ത്?

സെപ്റ്റംബർ 9-ന് രാവിലെ 11 മണിക്കാണ് 34 സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്‍റെ ഭാഗമായി നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സംസാരിച്ച ശേഷം, മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തുന്നതിന് മുമ്പ്, 34 നിയോജകമണ്ഡലങ്ങളിലായി മികച്ച സൗകര്യങ്ങളൊരുക്കിയ സ്കൂളുകളെക്കുറിച്ചുള്ള വീഡിയോ പ്ലേ ചെയ്യേണ്ടതായിരുന്നു. 

ആ സമയത്ത് ഏഷ്യാനെറ്റ് ന്യൂസിൽ 'ഇപ്പോൾ സംഭവിക്കുന്നത്' എന്ന, ജിമ്മി ജയിംസ് അവതരിപ്പിക്കുന്ന തത്സമയ, വാർത്താസംവാദപരിപാടിയായിരുന്നു സംപ്രേഷണം ചെയ്തത്. പ്രധാനതലക്കെട്ടുകളുടെ സമയമായിരുന്നു. സ്വർണക്കടത്തുകേസും, ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നതുമടക്കം, അന്നത്തെ ദിവസം രാവിലെയുള്ള പ്രധാനതലക്കെട്ടുകൾ അവതാരകൻ വായിക്കുകയുമായിരുന്നു.

കൈറ്റ് വിക്ടേഴ്സ് ചാനലിന്‍റെ പ്രൊഡക്ഷൻ കൺട്രോൾ റൂമിൽ നിന്ന് ആ സമയത്ത് സ്കൂളുകളെക്കുറിച്ചുള്ള വീഡിയോ പ്ലേ ചെയ്യുന്നതിൽ സാങ്കേതിക തടസ്സമുണ്ടായി. കുറച്ചുനേരം ദൃശ്യസംപ്രേഷണം 'ഫ്രീസ്' ആയി നിന്നു. ആ സമയത്ത്, മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന കാർഡാണ് സ്ക്രീനിലുണ്ടായിരുന്നത്. അതിന് ശേഷം വിവിധ ഇടങ്ങളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ ഔട്ട്പുട്ട് കാണിച്ചുകൊണ്ടുള്ള സ്ക്രീൻ ദൃശ്യങ്ങളിൽ തെളിഞ്ഞു. എമർജൻസി ബ്രോഡ്കാസ്റ്റ് സിസ്റ്റം- എന്ന കളർബാർ സ്ക്രീൻ ദൃശ്യങ്ങളിൽ വന്നതിന് പിന്നാലെയാണ് സ്കൂളുകളെക്കുറിച്ചുള്ള വീഡിയോ പ്ലേ ചെയ്യുന്നതിന് പകരം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ശബ്ദസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ വന്നത്.

ആ സമയത്ത് മുഖ്യമന്ത്രി അസ്വസ്ഥനായി സ്ക്രീനിലേക്ക് നോക്കുന്നതും കാണാമായിരുന്നു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു. 

തത്സമയസാങ്കേതികപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ പ്രൊഡക്ഷൻ കൺട്രോൾ റൂമുകളിലും (പിസിആർ) മറ്റ് ചാനലുകളുടെ വീഡിയോ, ഓഡിയോ ഔട്ട് ഉണ്ടായേക്കാം. സ്കൂളുകളെക്കുറിച്ചുള്ള ദൃശ്യവും ശബ്ദവും സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുത്ത് നൽകേണ്ടതിന് പകരം, ഏഷ്യാനെറ്റ് ന്യൂസിന്‍റെ ശബ്ദസംപ്രേഷണമാണ് നൽകിയത് എന്നത് കൈറ്റ് വിക്ടേഴ്സിന്‍റെ പ്രൊഡക്ഷൻ കൺട്രോൾ റൂമിൽ നിന്ന് പറ്റിയ സാങ്കേതികപ്പിഴവാണ്.

ഇതിൽ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല. കൈറ്റ് വിക്ടേഴ്സിന്‍റെ ഭാഗത്തു നിന്നാണ് സാങ്കേതികപ്പിഴവ് സംഭവിച്ചത്. അത് കൈറ്റ് വിക്ടേഴ്സിന്‍റെ തത്സമയസംപ്രേഷണവീഡിയോയിൽ 8 മിനിറ്റ് 24 സെക്കന്‍റ് സമയത്ത് കാണാം. 

വീഡിയോ ഇവിടെ:

Fact : ഇതിൽ ഏഷ്യാനെറ്റ് ന്യൂസ് ഖേദം പ്രകടിപ്പിച്ചെന്ന പരാമർശവുമായി ചില വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ വന്നത് വ്യാജമാണ്. കൈറ്റിന്‍റെ സാങ്കേതികപ്പിഴവിന് ഏഷ്യാനെറ്റ് ന്യൂസ് ഖേദം പ്രകടിപ്പിക്കേണ്ടതില്ല. 

click me!