യൂബറിനെയും ഓലയെയും ഇടിച്ചിടാന്‍ ടാറ്റയുടെ ടാക്‌സി സര്‍വീസ്; വാര്‍ത്ത സത്യമോ?

By Web TeamFirst Published Sep 10, 2020, 12:38 PM IST
Highlights

ടാക്‌സി-കാബ് രംഗത്തെ ഭീമന്‍മാരായ യൂബറിനെയും ഓലയെയും ഓടിത്തോല്‍പിക്കാന്‍ ടാറ്റയുടെ ടാക്‌സി സര്‍വീസ് എത്തി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. 

മുംബൈ: രാജ്യത്തെ വാഹനനിര്‍മ്മാണ രംഗത്തെ കരുത്തരാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യക്കാരുടെ വിശ്വസ്‌ത വാഹന ബ്രാന്‍ഡുകളിലൊന്നായി ടാറ്റ മാറിയിട്ട് നാളുകളായി. കടുത്ത മത്സരം നിലനില്‍ക്കുന്ന കാബ് സര്‍വീസ് രംഗത്തേയ്‌ക്കും പ്രവേശിക്കുകയാണോ ടാറ്റ മോട്ടോര്‍സ്. വമ്പന്‍മാരായ യൂബറിനും ഓലയ്‌ക്കും ഭീഷണിയായി ടാറ്റ കാബ് സര്‍വീസ് എത്തിയെന്ന വാര്‍ത്ത ശരിയോ?

പ്രചാരണം ഇങ്ങനെ

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ടാറ്റ മോട്ടോര്‍സിന്‍റെ കാബ് സര്‍വീസിനെ കുറിച്ച് പറയുന്നത്. 'മുംബൈയിലും പുണെയിലും Cab E(കാബ് ഇ) എന്ന പേരില്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചിരിക്കുന്നു ടാറ്റ. ഓലയ്‌ക്കും യൂബറിനും മികച്ചൊരു പകരക്കാരനാണിത്. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യത്തിന് എന്നും ടാറ്റ തുണയാണ്. ഈ വാര്‍ത്ത എല്ലാവരിലേക്കും പങ്കുവെയ്‌ക്കണം' എന്ന അഭ്യര്‍ഥനയോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള 'കാബ് ഇ' ആപ്ലിക്കേഷന്‍റെ ലിങ്കും സന്ദേശത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

 

വസ്‌തുത

വൈറലായിരിക്കുന്ന സന്ദേശത്തില്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍. സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ മനസിലായ കാര്യങ്ങള്‍ ഇങ്ങനെ. CAB-EEZ INFRA TECH PVT. LTD എന്ന കമ്പനിയാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ടാ‌ക്‌സികള്‍ ബുക്ക് ചെയ്യാന്‍ കാബ് മാനേജര്‍മാരെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇതെന്നാണ് കാബ് ഇ ആപ്ലിക്കേഷനൊപ്പമുള്ള വിവരണത്തില്‍ നല്‍കിയിരിക്കുന്നത്. 

 

ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശം വസ്‌തുതാവിരുദ്ധമാണ് എന്നും ടാറ്റ മോട്ടോര്‍സുമായി കമ്പനിക്ക് ബന്ധമൊന്നും ഇല്ലെന്നും ഫേസ്‌ബുക്കില്‍ 'കാബ് ഇ' അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കാബ് സര്‍വീസ് തുടങ്ങിയതായി യുടെ അറിയിപ്പൊന്നും ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കണ്ടെത്താനായില്ല. 

നിഗമനം

യൂബറും ഓലയും കയ്യടക്കിവച്ചിരിക്കുന്ന കാബ്-ടാക്‌സി മേഖലയിലേക്ക് ടാറ്റ മോട്ടോര്‍സ് രംഗപ്രവേശനം ചെയ്തു എന്ന പ്രചാരണം നുണയാണ്. പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന കാബ് ഇ കമ്പനിക്ക് ടാറ്റ മോട്ടോര്‍സുമായി ബന്ധമില്ല. 

പീഡന ദൃശ്യം മറ്റൊരു സംസ്ഥാനത്തുനിന്നുള്ളത്; കേരളത്തിനെതിരായ വ്യാജ പ്രചാരണം പൊളിഞ്ഞു

ഈ കടലും മറുകടലും എന്ന ഗാനവുമായി എസ്‌പി‌ബി; വൈറല്‍ വീഡിയോയിലുള്ളത് കൊവിഡ് മുക്തനായ ഗായകനോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!