
ദില്ലി: രാജ്യതലസ്ഥാനം വിറങ്ങലിച്ച സ്ഫോടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പ്രചാരണങ്ങള്‍ തകൃതി. ദില്ലി സ്ഫോടനത്തിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് എക്‌സും ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതിലൊരു ചിത്രത്തിന് ദില്ലി സ്ഫോടനവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ലെബനനില്‍ നിന്നുള്ളതും പഴയതുമായ ഒരു ചിത്രം ദില്ലി സ്‌ഫോടനത്തിന്‍റെത് എന്ന വ്യാജേന അനവധിയാളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണ്.
ദില്ലി സ്‌ഫോടനത്തിന്‍റെത് എന്ന അവകാശവാദത്തോടെ ഷെയര്‍ ചെയ്യപ്പെടുന്ന ഈ ചിത്രം ലെബനനില്‍ 2024ല്‍ നടന്ന ഒരു സ്‌ഫോടനത്തിന്‍റേതാണ്. കെട്ടിടങ്ങള്‍ക്ക് മധ്യേ വലിയ തീഗോളം ഉയരുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഇസ്രയേല്‍- ലെബനന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമുണ്ടായ സ്ഫോടനത്തിന്‍റെ ചിത്രമാണ് ദില്ലിയില്‍ നിന്നുള്ളത് എന്ന് തെറ്റിദ്ധരിപ്പിച്ച് പലരും പോസ്റ്റ് ചെയ്യുന്നത്. ചിത്രം പഴയതും ലെബനനില്‍ നിന്നുള്ളതുമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ടീം വസ്‌തുതാ പരിശോധനയില്‍ സ്ഥിരീകരിച്ചു. വൈറല്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ പരിശോധിച്ചപ്പോള്‍ സമാന ഫോട്ടോ സഹിതം 2024ല്‍ പ്രസിദ്ധീകരിച്ച അനേകം വാര്‍ത്തകള്‍ കണ്ടെത്താനായി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ ഫോട്ടോഗ്രാഫര്‍ ലെബനനില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോയ്‌ക്ക് തെളിവ് ചുവടെ കാണാം.
ചിത്രം: 2024ല്‍ രാജ്യാന്തര മാധ്യമമായ എബിസി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്
ഈ ഫോട്ടോയ്‌ക്ക് ദില്ലി സ്ഫോടനവുമായി യാതൊരു ബന്ധവുമില്ലെന്ന് പിഐബി ഫാക്‌ട് ചെക്കും സ്ഥിരീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കും മുമ്പ് വിവരങ്ങള്‍ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്ന് പിഐബി പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു.
രാജ്യം നടുങ്ങിയ ദില്ലി സ്ഫോടനം
ഇന്നലെ വൈകിട്ട് 6.55-ഓടെ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് സാവധാനമെത്തിയ ഒരു ഹ്യൂണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു. ഒരു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. എട്ട് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് കേന്ദ്ര സർക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സ്ഫോടനത്തിന്‍റെ കാരണമറിയാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം അതീവജാഗ്രതയിലാണ്.