
തിരുവനന്തപുരം: എസ്‌ബിഐ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആപ്പാണ് യോനോ. നിങ്ങളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ യോനോ അക്കൗണ്ട് ഉടനടി ബ്ലോക്ക് ചെയ്യപ്പെടും എന്നൊരു വാട്‌സ്ആപ്പ് മെസേജ് പലര്‍ക്കും ലഭിച്ചുകാണും. ഒരു എപികെ ഫയല്‍ സഹിതം ഫോണുകളിലേക്ക് എത്തുന്ന സന്ദേശത്തിന്‍റെ വസ്‌തുത എസ്‌ബിഐ യോനോ ആപ്പ് ഉപഭോക്താക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
എസ്‌ബിഐയോട് രൂപസാദൃശ്യമുള്ള ലോഗോ ഡിപി ആക്കിയുള്ള വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് പലര്‍ക്കും ഇംഗ്ലീഷിലുള്ള മെസേജ് ലഭിക്കുന്നത്. ഈ സന്ദേശത്തിന്‍റെ ഇംഗ്ലീഷ് വേര്‍ഷനും മലയാളവും ഇതിനൊപ്പം ചേര്‍ക്കുന്നു. 'പ്രിയ എസ്‌ബിഐ ഉപഭോക്താവേ, നിങ്ങളുടെ അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്‌തിട്ടില്ലാത്തതിനാല്‍ നിങ്ങളുടെ എസ്‌ബിഐ യോനോ അക്കൗണ്ട് ഇന്ന് രാത്രി ബ്ലോക്ക് ചെയ്യപ്പെടും. നിങ്ങള്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിടുന്നതില്‍ ഖേദിക്കുന്നു. അതിനാല്‍ ഞങ്ങളുടെ ഔദ്യോഗിക എസ്‌ബിഐ ആധാര്‍ അപ്‌ഡേറ്റ് എപികെ ഇന്‍സ്റ്റാള്‍ ചെയ്‌ത്, അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌ത് കെവൈസി തുടരാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
‘Dear SBI customer, This is to inform you that Your SBI YONO Account will be Blocked Tonight due to AADHAR no. is not updated in your Account. We regret the inconvenience caused and request you to please install our official SBI Aadhar update apk and kindly update your AADHAR and proceed your further KYC immediately...’
എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് എസ്‌ബിഐ ഒരിക്കലും വാട്‌സ്ആപ്പ് മെസേജുകള്‍ അയക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വെരിഫൈഡ് അക്കൗണ്ടുകളിലൂടെ അക്കൗണ്ട് ഉടമകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എസ്‌ബിയുടെ എക്‌സ് പോസ്റ്റിലെ വിശദാംശങ്ങള്‍ ഇങ്ങനെ. 'നിങ്ങളുടെ ബാങ്കിംഗ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ വ്യാജ എപികെ ലിങ്കുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പണം തട്ടാനുള്ള തട്ടിപ്പാണിത്. ഇത്തരം എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ അപ‌്‌ലോഡ് ചെയ്യാനോ പാടില്ല. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നുമുള്ള ആപ്പുകള്‍ മാത്രമേ ഡൗണ്‍ ചെയ്യാവൂ. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പുകളില്‍ ഇരയായാല്‍ 1930 എന്ന സൈബര്‍ക്രൈം നമ്പറില്‍ അറിയിക്കണം'- എന്നും എസ്‌ബിഐയുടെ എക്‌സ് പോസ്റ്റിലുണ്ട്.
മാത്രമല്ല, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
നിഗമനം
എസ്‌ബിഐ ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനായി എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടും, അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും എന്ന തരത്തിലുമുള്ള വാട്‌സ്ആപ്പ് മെസേജുകള്‍ വ്യാജമാണ്. ആരും ഇത്തരം മെസേജുകളില്‍ ക്ലിക്ക് ചെയ്യരുത് എന്ന് എസ്ബിഐ തന്നെ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.