
ദില്ലി: എല്ലാ ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നതായി സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണം സജീവമാണ്. സൗജന്യ റീചാര്‍ജിനെ കുറിച്ച് പറയുന്ന മെസേജ് വാട്‌സ്ആപ്പില്‍ വൈറലാണ്. മുമ്പും ഇത്തരം സൗജന്യ റീചാര്‍ജ് സന്ദേശങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായിരുന്നു. എന്താണ് ഈ വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ യാഥാര്‍ഥ്യമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി. മൂന്ന് മാസക്കാലം മൊബൈല്‍ റീചാര്‍ജ് സൗജന്യമായി നല്‍കുന്നൊരു പദ്ധതിയേ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. വാട്‌സ്ആപ്പ് പ്രചാരണവും വസ്‌തുതയും വിശദമായി അറിയാം.
'ബിജെപി ഫ്രീ റീചാര്‍ജ് യോജന'- എന്ന പേരിലാണ് വൈറല്‍ സന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. റീചാര്‍ജ് ചെയ്യാനായി ക്ലിക്ക് ചെയ്യാനുള്ള ഒരു ലിങ്കും ഇതിനൊപ്പം കാണാം. 'എല്ലാ ഇന്ത്യക്കാര്‍ക്കും പിഎം നരേന്ദ്ര മോദി മൂന്ന് മാസത്ത സൗജന്യ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നു'- എന്നുപറഞ്ഞാണ് വൈറല്‍ വാട്‌സ്ആപ്പ് സന്ദേശം തുടങ്ങുന്നത്. '2024ലെ പുതുവര്‍ഷം ആഘോഷിക്കാനാണ് സൗജന്യ റീചാര്‍ജ് നല്‍കുന്നതെന്നും, അതുവഴി കൂടുതല്‍ പേര്‍ക്ക് ബിജെപിക്ക് വോട്ട് ചെയ്യാനാകുമെന്നും വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നുണ്ട്'. ഇക്കാര്യങ്ങളെല്ലാം ഒറ്റനോട്ടത്തില്‍ തന്നെ സംശയാസ്‌പദവുമാണ്.
വാട്‌സ്ആപ്പ് സന്ദേശത്തിലെ അവകാശവാദങ്ങള്‍ എല്ലാം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. വൈറല്‍ വാട്‌സ്ആപ്പ് ഫോര്‍വേഡ് വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. സൗജന്യമായി മൊബൈല്‍ റീചാര്‍ജ് നല്‍കുന്നൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല. ഈ തട്ടിപ്പ് സന്ദേശം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പറ്റിക്കുന്നതിനും വേണ്ടി പ്രചരിപ്പിക്കുന്നവയാണ്. ഇത്തരം സംശയാസ്‌പദമായ ലിങ്കുകളില്‍ ഒരിക്കലും ആരും ക്ലിക്ക് ചെയ്യുകയോ, പരിചയമില്ലാത്തവരുമായി വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യരുത്. എപ്പോഴും വിവരങ്ങളും മെസേജുകളും ഫോര്‍വേഡ് ചെയ്യുമ്പോള്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും വഴി വെരിഫൈ ചെയ്യണമെന്നും പിഐബി എക്‌സ് പോസ്റ്റില്‍ പറയുന്നു.