റീല്‍സ് വര്‍ഗീയ തലക്കെട്ടുകളോടെ വൈറലായി; തട്ടമണിയിക്കുന്ന വൈറല്‍ വീഡിയോയുടെ വസ്‌തുത- Fact Check

Published : Feb 10, 2024, 04:21 PM ISTUpdated : Feb 10, 2024, 04:53 PM IST
റീല്‍സ് വര്‍ഗീയ തലക്കെട്ടുകളോടെ വൈറലായി; തട്ടമണിയിക്കുന്ന വൈറല്‍ വീഡിയോയുടെ വസ്‌തുത- Fact Check

Synopsis

വീഡിയോ ഏറെ വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ വസ്തുത എന്താണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധിക്കുന്നു

കേരളത്തിനെതിരെ വ്യാപകമായ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറല്‍. ക്ലാസ് മുറിയില്‍ വച്ച് ഒരു ഇതര മതക്കാരിയായ പെണ്‍കുട്ടിയെ ഇസ്ലാം മതവിശ്വാസികളായ സഹപാഠികള്‍ തട്ടം അണിയിക്കുന്നതാണ് വീഡിയോയില്‍. 'കേരളത്തില്‍ നടക്കുന്ന മതംമാറ്റത്തിന്‍റെ ആരംഭഘട്ടമാണ് ഇതെന്നും കേരള സ്റ്റോറിക്ക് ഇതില്‍പ്പരം തെളിവുവേണോ' എന്നൊക്കെയുള്ള കുറിപ്പുകളോടെയാണ് വീഡിയോ നിരവധിയാളുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഏറെ വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ വസ്തുത എന്താണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധിക്കുന്നു.

NB: പെണ്‍കുട്ടികളുടെ സുരക്ഷ പരിഗണിച്ച് വീഡിയോയോ അവയുടെ ലിങ്കുകളോ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളോ പേരുകളോ മറ്റ് വിവരങ്ങളോ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല

പ്രചാരണം

ഇതര മതക്കാരിയായ ഒരു വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ വച്ച് തട്ടമണിയിക്കുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍ തട്ടം അണിയുന്നതായി കാണുന്ന പെണ്‍കുട്ടി ചിരിക്കുന്ന മുഖവുമായി വീഡിയോയില്‍ പോസ് ചെയ്യുന്നതായി കാണാം. 

ഈ വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പങ്കുവെച്ചവര്‍ കുറിച്ചിരിക്കുന്നത് ചുവടെ കൊടുക്കുന്നു. 'കേരളത്തിലെ ഒരു സ്കൂളില്‍ നിന്നുള്ള കാഴ്ചയാണിത്. മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു വിദ്യാര്‍ഥിനിയെ നിര്‍ബന്ധിപ്പിച്ച് തട്ടമണിയിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാനുള്ള തന്ത്രമാണിത്. ഇതാണ് കേരളത്തില്‍ നടക്കുന്നത്. എന്നിട്ടും മലയാളികള്‍ പറയുന്നു കേരള സ്റ്റോറി വ്യാജ കഥയാണെന്ന്'- ഇത്തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റര്‍) നിരവധിയാളുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ എക്സ് യൂസര്‍മാരുടെ പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു. 2024 ഫെബ്രുവരി ആദ്യ വാരമാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.    

ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

വസ്‌തുതാ പരിശോധന

നോര്‍ത്തിന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ വൈറലായിരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വിശദമായ വസ്തുതാ പരിശോധന നടത്തി. ട്വിറ്ററില്‍ നിരവധിയാളുകള്‍ പോസ്റ്റ് ചെയ്ത വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ലഭിച്ച സൂചനയില്‍ നിന്ന് ദൃശ്യത്തിന്‍റെ ഒറിജനല്‍ കണ്ടെത്താനായി. എക്സില്‍ വൈറലായി ഓടുന്ന വീഡിയോ റീല്‍സായി 2024 ജനുവരി 30ന് പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതാണ് എന്നാണ് വ്യക്തമായത് (ഇപ്പോള്‍ വീഡിയോ ലഭ്യമല്ല).

തുടര്‍ന്ന് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ ആരെന്ന് കണ്ടെത്തുകയും ഇവരുമായി ഇന്‍സ്റ്റഗ്രാം മെസേജ് മുഖാന്തരം സംസാരിക്കുകയും ചെയ്തു. റീല്‍സ് ചിത്രീകരിച്ചതിന് പിന്നാലെ പശ്ചാത്തലവും മറ്റ് വിവരങ്ങളും വിശദമായി ഫോണ്‍ മുഖേനെ വീഡിയോയിലെ ഇതര മതക്കാരിയായ പെണ്‍കുട്ടിയുമായി സംസാരിച്ച് ചോദിച്ചറിഞ്ഞു. 

വര്‍ഗീയമായ തലക്കെട്ടുകളോടെ എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ഇതര മതക്കാരിയായ പെണ്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ...

'ക്ലാസ് മുറിയില്‍ വച്ച് വെറുമൊരു രസത്തിന് എടുത്ത റീല്‍സാണിത്, മതപരമായ ഒരു കാര്യത്തിനും വേണ്ടിയല്ല. എന്‍റെ പൂര്‍ണ സമ്മതത്തോടെ എടുത്ത വീഡിയോയാണിത്. ഞങ്ങള്‍ ബി എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ്. സമ്മര്‍ദം കൊണ്ട് ഞങ്ങള്‍ക്ക് വീഡിയോ ഡിലീറ്റ് ചെയ്യേണ്ടിവന്നു'. വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും എന്നുവരെ ഭീഷണിയുണ്ടായി, സൗഹൃദത്തിന്‍റെ പേരില്‍ ചെയ്ത ഒരു വീഡിയോ ഇങ്ങനെ വര്‍ഗീയമായ വ്യാഖ്യാനങ്ങളോടെ ഷെയര്‍ ചെയ്യപ്പെടുന്നത് കണ്ടപ്പോള്‍ സങ്കടമുണ്ടായി, എന്‍റെ സഹപാഠികളും ഈ വിവാദങ്ങളില്‍ ദുഖിതരാണ്'- ഇത്രയുമായാണ് വിദ്യാര്‍ഥിനി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിനോട് പറഞ്ഞത്. 

നിഗമനം

നിര്‍ബന്ധിതമായി ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് തട്ടം ഇടീക്കുന്നതായുള്ള സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോ പ്രചാരണം വസ്തുതാ വിരുദ്ധമാണ്. തന്‍റെ സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് ഇതര മതക്കാരിയായ പെണ്‍കുട്ടി തന്നെ വ്യക്തിമാക്കിയിട്ടുണ്ട്. മതപരമായ ഉദേശത്തോടെയല്ല, വിനോദത്തിനായുള്ള റീല്‍സായി ചിത്രീകരിച്ച വീഡിയോയാണിത്. യാതൊരു വര്‍ഗീയചുവയും യഥാര്‍ഥത്തില്‍ ഈ വീഡിയോയ്ക്ക് ഇല്ല എന്ന് പകല്‍പോലെ വ്യക്തം. 

Read more: മലപ്പുറം പെണ്‍കുട്ടി ഫാത്തിമ ഫിദ കരിപ്പൂര്‍-ദില്ലി വിമാനം പറത്തുന്നോ? പോസ്റ്റുകള്‍ വൈറല്‍, സത്യമെന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check