Latest Videos

ഭാരത് ബന്ദ് പൊലിപ്പിക്കാന്‍ മദ്യ വിതരണമോ; കർഷകരെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വീഡിയോ സത്യമോ?

By Jomit JoseFirst Published Feb 17, 2024, 12:35 PM IST
Highlights

ഒരു വാഹനത്തില്‍ നിന്ന് പുറത്തുനില്‍ക്കുന്ന ആളുകള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്

ദില്ലി: രാജ്യം വീണ്ടും കർഷക സമരത്തിന് സാക്ഷ്യംവഹിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കർഷക സംഘടനകളും നിരവധി ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്നലെയായിരുന്നു (2024 ഫെബ്രുവരി 16). ഇതിനിടെയൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. സൗജന്യമായി മദ്യം നല്‍കിയാണ് കർഷകരെ പ്രതിഷേധത്തിനായി ദില്ലി അതിർത്തിയില്‍ എത്തിച്ചിരിക്കുന്നത് എന്ന ആരോപണത്തോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെടുന്നത്. ഈ പ്രചാരണത്തിന്‍റെ വസ്തുത എന്താണ് എന്ന് നോക്കാം.

പ്രചാരണം

31 സെക്കന്‍ഡ് ദൈർഘ്യമുളള വീഡിയോയാണ് എക്സില്‍ (പഴയ ട്വിറ്റർ) പ്രചരിക്കുന്നത്. ഒരു വാഹനത്തില്‍ നിന്ന് പുറത്തുനില്‍ക്കുന്ന ആളുകള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കർഷക സമരത്തിനെത്തിയ കർഷകരുടെ കാഴ്ചയാണിത് എന്ന അവകാശവാദത്തോടെയാണ് വീഡിയോ 2024 ഫെബ്രുവരി 16ന് journalist Narayan Hari എന്ന വ്യക്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേർ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. മദ്യം വാങ്ങാനായി തിക്കുംതിരക്കും കൂട്ടുന്നവരില്‍ വൃദ്ധരും യുവാക്കളുമുണ്ട്. എന്നാല്‍ മദ്യം വിതരണം ചെയ്യുന്ന ആളിന്‍റെ മുഖം വ്യക്തമല്ല. കർഷക സമരവും ഭാരത് ബന്ദുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ ട്വീറ്റില്‍ കാണാം. 

 

तथाकथित अन्नदाता !
.
इस चिलचिलाती धूप में , हल जोतने के बाद "पसीने" से तर-बतर शरीर और सुखे गले को "पानी" से ही "तृप्त" करते हुए !
.
आप धन्य हैं, खामखां आपको लोग भाड़े का टटू बोलकर बदनाम कर रहें है ! pic.twitter.com/zuG5QTUhSy

— journalist Narayan Hari 🇮🇳 (@This_is_narayan)

വസ്തുതാ പരിശോധന

പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് കർഷക സമരത്തിനെത്തിയ കർഷകരല്ല എന്നും വർഷങ്ങളുടെ പഴക്കമുള്ള ദൃശ്യമാണിത് എന്നതുമാണ് യാഥാർഥ്യം. സമാന വീഡിയോ 2021ലെ കർഷക സമരകാലത്തും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ്. അന്ന് വീഡിയോയുടെ യാഥാർഥ്യം വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 2020 മുതലെങ്കിലും ഇന്‍റർനെറ്റില്‍ പ്രചരിച്ചിരുന്ന വീഡിയോയാണിത് എന്ന് അന്നേ തെളിഞ്ഞതാണ്. 

നിഗമനം

2024 ഫെബ്രുവരി മാസത്തെ കർഷക സമരത്തില്‍ പങ്കെടുക്കുന്നവർക്ക് സൗജന്യ മദ്യവിതരണം എന്ന സോഷ്യല്‍ മീഡിയയിലെ വീഡിയോ പ്രചാരണം വ്യാജമാണ്. 2021ലെ കർഷക സമര സമയത്തും ഈ വീഡിയോ ഇതേ ആരോപണത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനും മുമ്പ് 2020ല്‍ ഈ വീഡിയോ ഇന്‍റർനെറ്റില്‍ വൈറലായിരുന്നു. എന്നാല്‍ വൈറല്‍ വീഡിയോയുടെ ഉറവിടവും പശ്ചാത്തലവും വ്യക്തമല്ല. 

Read more: ഇന്ത്യന്‍ കർഷകർക്ക് ഇത്രയ്ക്കും സംവിധാനങ്ങളോ; കർഷക സമരത്തില്‍ നിന്നുള്ള ചിത്രമോ ഇത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!