
നടുറോഡില്‍ വച്ച് ഒരു ബൈക്ക് യാത്രക്കാരനെ കടുവ ആക്രമിക്കുന്നതായി ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. എക്‌സിലും ഫേസ്ബുക്കിലും ഈ ദൃശ്യങ്ങള്‍ കാണാം. ബൈക്ക് യാത്രക്കാരനെ കടുവ പിടിക്കുന്നതും സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലച്ചിഴച്ച് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സത്യമെന്ന് പറഞ്ഞ് നിരവധി പേര്‍ ഷെയര്‍ ചെയ്യുന്ന ഈ വൈറല്‍ വീഡിയോയുടെ യാഥാര്‍ഥ്യം എന്താണ്?
വനപാതയോ കാടിനോട് ചേര്‍ന്നുള്ളതെന്ന് തോന്നിക്കുന്നതോ ആയ ഒരു സ്ഥലത്ത് നിന്നുള്ളതാണ് വീഡിയോ. റോഡിന്‍റെ മധ്യത്തിലായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം, തൊട്ടുമുന്നിലായി ഒരു ബൈക്കുകാരനും. സമീപത്ത് നിന്ന് ഒരു കടുവ പാഞ്ഞടുക്കുന്നതോടെ ബൈക്ക് യാത്രികന്‍ വണ്ടി താഴേക്കിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ കടുവ അയാളുടെ കഴുത്തില്‍ കടിച്ച് വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇത്രയുമാണ് വീഡിയോയില്‍ പ്രധാനമായും കാണുന്നത്. കടുവ തട്ടുമ്പോള്‍ രണ്ടുതവണ കാറിന് അനക്കം സംഭവിക്കുന്നുമുണ്ട്.
വീഡിയോ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ ഇടയ്‌ക്കുവച്ച് കടുവയുടെ ശരീരഭാഗങ്ങള്‍ അദൃശ്യമാകുന്നതായി കാണാം. കാണിന്‍റെ നമ്പര്‍ പ്ലേറ്റും സ്വാഭാവികമല്ല. കടുവ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ബൈക്ക് യാത്രക്കാരന്‍റെ ശരീരഭാഗങ്ങളുടെ അനക്കവും സ്വാഭാവികമല്ല. ഇതെല്ലാം സാധാരണയായി എഐ നിര്‍മ്മിത വീഡിയോകളില്‍ പൊതുവായി കാണാറുള്ള പിഴവുകളാണ്. അതിനാല്‍തന്നെ, വീഡിയോയുടെ വസ്‌തുത ചോദ്യചിഹ്നമായി. ഈ വീഡിയോ എഐ ടൂളുകളുടെ സൃഷ്‌ടിയാണോ എന്നറിയാന്‍ എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായം തേടി. ഹൈവ് മോഡറേഷന്‍ പോലുള്ള എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ വ്യക്തമാക്കിയത് ഇതൊരു എഐ നിര്‍മ്മിത വീഡിയോയാണ് എന്നാണ്. മാത്രമല്ല, ഒരു ബൈക്ക് യാത്രികനെ കടുവ ആക്രമിച്ചതായി ആധികാരികമായ വാര്‍ത്തകളൊന്നും കീവേഡ് സെര്‍ച്ചില്‍ ലഭ്യമായുമില്ല. ഈ രണ്ട് കാരണങ്ങള്‍ വൈറല്‍ ദൃശ്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്.
നിഗമനം
ബൈക്ക് യാത്രികനെ കടുവ പിടിച്ചതായുള്ള വീഡിയോ ഒറിജിനല്‍ അല്ല, എഐ നിര്‍മ്മിതമാണ് എന്നാണ് വസ്‌തുതാ പരിശോധനയില്‍ നിന്നെത്തിയ നിഗമനം.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.