
എഐ നിര്‍മിത ദൃശ്യങ്ങളുടെ കാലമാണിത്. ഒറിജിനല്‍ ഏത്, AI ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത കാലം. കഴിഞ്ഞ ആഴ്‌ചയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും എക്‌സും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കണ്ട ചില വ്യാജ പ്രചാരണങ്ങളും അവയുടെ വസ്‌തുതയും വിശദമായി അറിയാം.
പ്രചാരണം 1
ആനക്കൂട്ടിലേക്ക് അബദ്ധത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്ന ആന എന്ന കുറിപ്പോടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആനയെ വലിയ ഹീറോയായി അവതരിപ്പിച്ചിരിക്കുകയാണ് ഈ വീഡിയോ ഷെയര്‍ ചെയ്‌തവരെല്ലാം. മൃഗശാല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ആനത്തൊട്ടിലിലേക്ക് വഴുതിവീണ കുട്ടിയെ ആന രക്ഷിച്ച് മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പിക്കുകയായിരുന്നു എന്നുപറഞ്ഞാണ് വീഡിയോ പങ്കുവെക്കുന്നത്. ഇതിന്‍റെ വസ്‌തുത ആദ്യ നോക്കാം.
വസ്‌തുത
ഈ വീഡിയോ എഐ നിര്‍മിതമാണെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ വ്യക്തമാണ്. ആളുകളുടെ മുഖഭാവങ്ങളും, ആന ഉയര്‍ത്തുമ്പോള്‍ കുട്ടിയുടെ കാലുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും, ഒരു കാല്‍പാദം നീണ്ടിരിക്കുന്നതും ഇത് എഐ വീഡിയോയാണ് എന്നുറപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിക്കുമ്പോള്‍ സാധാരണയായി സംഭവിക്കാറുള്ള പിഴവാണിത്. ഈ നിസ്സാര കാര്യം പോലും മനസിലാക്കാതെയാണ് വീഡിയോ ഒറിജിനലാണെന്ന മട്ടില്‍ പലരും ഷെയര്‍ ചെയ്യുന്നത്.
പ്രചാരണം 2
മറൈന്‍ പരിശീലകയായ ജെസീക്ക റാഡ്‌ക്ലിഫ്, ഡോൾഫിൻ കുടുംബത്തിൽ ഓർക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടോ? മറൈന്‍ പാര്‍ക്കിലെ തല്‍സമയ പ്രദര്‍ശനത്തിനിടെ, 23 വയസുകാരിയായ ജെസീക്കയെ ഓര്‍ക്ക ആക്രമിച്ചു കൊലപ്പെടുത്തി എന്ന തരത്തിലുള്ള കുറിപ്പുകളോടെ ഒരു വീഡിയോ കേരളത്തിലടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം.
വസ്‌തുത
ജെസീക്ക റാഡ്‌ക്ലിഫ് എന്ന പേരില്‍ ഒരു മറൈന്‍ പരിശീലക ഉള്ളതായോ, അവര്‍ ഓര്‍ക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായോ സ്ഥിരീകരിക്കുന്ന ഒരു വിവരവും ലഭ്യമല്ല. 2025 ജനുവരി മുതല്‍ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വീഡിയോയാണ് ഒറിജനല്‍ എന്ന വ്യാജേന ഷെയര്‍ ചെയ്യപ്പെടുന്നത്. ജെസീക്ക റാഡ്‌ക്ലിഫ് എന്ന് പേരുള്ള, പരിശീലക ഓര്‍ക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള പ്രചാരണം വ്യാജമെന്ന് നിസ്സംശയം ഉറപ്പിക്കാം.
പ്രചാരണം 3
ഇതേ ഓര്‍ക്കയെ കുറിച്ച് തന്നെയാണ് മറ്റ് പ്രചാരണവും. പരിശീലകയായ ജെസീക്ക റാഡ്‌ക്ലിഫിനെ കൊലപ്പെടുത്തിയ ഓര്‍ക്ക ഡോള്‍ഫിനെ വെടിവെച്ച് കൊന്നു എന്നാണ് ഇത്. ഓര്‍ക്കയെ വലിയ പൂളില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോ സഹിതമാണ് ഈ പ്രചാരണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റും നില്‍ക്കുന്നതും ആളുകള്‍ കയ്യടിച്ച് ആഹ്‌ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
വസ്‌തുത
ജെസീക്ക റാഡ്‌ക്ലിഫിനെയും ഓര്‍ക്കയെയും കുറിച്ചുള്ള ആദ്യ വീഡിയോ പോലെ തന്നെ ഈ ദൃശ്യവും വ്യാജമാണ്. വെടിവച്ച് കൊന്ന ശേഷം ഓര്‍ക്കയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോയും എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.