വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നവര്‍ അവകാശപ്പെടുന്നതുപോലെ ഇത് ഇന്ത്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണോ? വീഡിയോയുടെ വസ്‌തുത ഫാക്‌ട് ചെക്കിലൂടെ അറിയാം. 

വര്‍ഗീയത നിറഞ്ഞ കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. ഒരു കുട്ടി, നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിന്‍ ബോഗിയില്‍ കല്ലുകള്‍ കൊണ്ട് ഇടിക്കുന്നതാണ് സംഭവം. മറ്റനേകം കുട്ടികള്‍ എഞ്ചിനിലും ബോഗികളിലുമായി ചുറ്റിത്തിരിയുന്നു. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത് അത്യന്തം അപകടകരമായ കുറിപ്പോടെയാണ്. 'ജിഹാദി കുട്ടികള്‍, മിനി പാകിസ്ഥാനികളെ ഭയപ്പെട്ടേ പറ്റൂ'- എന്നിങ്ങനെ വര്‍ഗീയ കുറിപ്പോടെയുള്ള വീഡിയോയുടെ വസ്‌തുത എന്താണ്? വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നവര്‍ അവകാശപ്പെടുന്നതുപോലെ ഇത് ഇന്ത്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണോ?

പ്രചാരണം

ഒരു മിനിറ്റും 43 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള റീലാണ് ‘ഭൈരവന്‍ കൈലാസം’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ അന്ത്യന്തം അപകടകരമായ കുറിപ്പ് ഈ വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റും സ്‌ക്രീന്‍ഷോട്ടും ചുവടെ ചേര്‍ക്കുക.

വസ്‌തുതാ പരിശോധന

ദൃശ്യങ്ങളുടെ വസ്‌തുത അറിയാന്‍ വീഡിയോയുടെ കീഫ്രയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍, വീഡിയോ AL Amin Babukhali എഫ്‌ബി അക്കൗണ്ടില്‍ മുമ്പ് പങ്കുവെച്ചിരുന്നതാണ് എന്ന് മനസിലാക്കാനായി. കമലാപൂരില്‍ നിന്നുള്ള വീഡിയോയാണിത് എന്ന് ദൃശ്യം പോസ്റ്റ് ചെയ്‌തയാള്‍ അവകാശപ്പെടുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ വീഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും, ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നും ബോധ്യപ്പെട്ടു.

നിഗമനം

ഈ വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ്. ട്രെയിനിന്‍റെ ബോഗിയില്‍ ബംഗാളി ഭാഷയിലുള്ള എഴുത്തുകള്‍ കാണാം. ബംഗ്ലാദേശ് റെയില്‍വേയുടെ ചുരുക്കെഴുത്തായ BR ഉം ബോഗിയിലുണ്ട്. ധാക്കയിലെ കമലാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്