
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി കുറഞ്ഞെങ്കിലും വ്യാജ പ്രചാരണത്തിന് അയവില്ല. ആളുകളില്‍ കനത്ത ആശങ്ക പടര്‍ത്തിയ ഒരു വ്യാജ പ്രചാരണത്തിന്‍റെ വസ്‌തുത നോക്കാം. നിപ പടരുന്നത് അടക്കയില്‍ നിന്നാണ് എന്നും അതിനാല്‍ ആരും അടക്ക കൈകൊണ്ട് സ്‌പര്‍ശിക്കുകയോ എടുക്കുകയോ ചെയ്യരുത് എന്നുമാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്നത്. 'പ്രധാനമന്ത്രി നരേന്ദ്രമോദി' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രചാരണം. മലയാളത്തിലാണ് പോസ്റ്റ്.
പ്രചാരണം
സഹോദരങ്ങളെ... ഷെയർ പ്ലീസ് എന്ന തലക്കെട്ടോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിലെ വിശദീകരണം ഇങ്ങനെ. 'വവ്വാൽ കടിക്കുന്ന അടക്കയിൽ നിന്നാണ് നിപ്പ വൈറസ് പകരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.. മരുതോക്കരയിലെ നിപ്പ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെ അടക്ക പരിശോധിച്ചപ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്തി ഒരു കാരണവശാലും അടക്ക എടുക്കുകയോ സ്‌പർശിക്കുകയോ ചെയ്യരുത് എല്ലാവരിലേക്കും ഈ മെസേജ് എത്തിക്കുക'. ഇത്രയുമാണ് നരേന്ദ്രമോദി എന്ന ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുള്ളത്. നൂറിലേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്‌തിരിക്കുന്നത് ഇതിന്‍റെ റീച്ച് എത്രത്തോളമാണ് എന്ന് വ്യക്തമാക്കുന്നു. കമുക് എല്ലാം വെട്ടിമാറ്റാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിടുന്നില്ല എന്ന് ചോദിക്കുന്നവരെയും ഈ പോസ്റ്റിനടിയിലെ കമന്‍റ് ബോക്‌സില്‍ കാണാം.
എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
നിപയുടെ ഉറവിടം വവ്വാലാണ് എങ്കിലും അത് എങ്ങനെയാണ് മനുഷ്യരിലേക്ക് പടര്‍ന്നത് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ തന്നെ അടക്ക വഴിയാണ് നിപ കോഴിക്കോട് ജില്ലയില്‍ മനുഷ്യരിലെത്തിയത് എന്ന പ്രചാരണത്തില്‍ കഴമ്പില്ല. നിപ എങ്ങനെ മനുഷ്യരിലേക്ക് പടര്‍ന്നു എന്നതിന് ഇതുവരെ കൃത്യമായ വഴി കണ്ടെത്തിയിട്ടില്ല. അടക്കയിലൂടെയാണ് നിപ മനുഷ്യരിലെത്തിയത് എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. അതിനാല്‍തന്നെ വ്യാജ പ്രചാരണത്തില്‍ ആരും ഭയപ്പെടേണ്ടതില്ല. അതേസമയം നിപയ്ക്ക് എതിരെ ആളുകള്‍ ജാഗ്രത തുടരേണ്ടതുമാണ്.
Read more: അതിവേഗം വ്യാപനം എന്ന് വാര്‍ത്ത, വന്നോ കൊവിഡിന്‍റെ പുതിയ വകഭേദം? അറിയേണ്ടത്- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം