
കൊവിഡ് ഭീഷണി അവസാനിച്ചു എന്ന പ്രതീക്ഷയിലാണ് ലോക ജനത. കൊവിഡ് ഇനി മഹാമാരിയല്ല എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എന്നിട്ടും എത്തിയ ഒരു പുതിയ വാര്‍ത്ത ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെത്തും ID-10T എന്നാണ് ഇതിന്‍റെ പേരെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ആശങ്കപ്പെടുത്തുന്ന തരത്തില്‍ വീണ്ടും വരികയാണോ കൊവിഡ്, അതിവേഗം വ്യാപിക്കുന്ന പുതിയ വകഭേദം കണ്ടെത്തിയോ? സത്യമറിയാം.
പ്രചാരണം
പുതിയ ആഗോള വൈറസായ ID-10T വേഗത്തില്‍ പടരുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഈ വൈറസ് വകഭേദം എല്ലാ രാജ്യങ്ങളിലും കണ്ടെത്തിയെന്നും എല്ലാവര്‍ക്കും പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്നും ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ ഈ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രചരിക്കുന്ന ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.
ഈ വാര്‍ത്ത സത്യമോ എന്ന് ചോദിച്ച് നിരവധിയാളുകള്‍ പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അതേസമയം ഇതൊരു തമാശയായി എടുത്തവരേയും കമന്‍റ് ബോക്‌സില്‍ കണ്ടു. പുതിയ കൊവിഡ് വകഭേദം വ്യാജ പ്രചാരണം മാത്രമാണെന്നും തമാശയായി കണ്ടാല്‍ മാത്രം മതിയെന്നും ഇക്കൂട്ടര്‍ പറയുന്നു. അതിനാല്‍ തന്നെ എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത
എന്നാല്‍ കൊവിഡിന്‍റെ ID-10T എന്ന പേരിലൊരു വകഭേദം കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പുതിയ വകഭേദം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിലോ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് കണ്ടെത്താനായില്ല. ആധികാരികമായ വാര്‍ത്തകളൊന്നും പുതിയ വകഭേദത്തെ കുറിച്ച് കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല. അതേസമയം ഒരു ആക്ഷേപഹാസ്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്കാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഈ ആര്‍ട്ടിക്കിള്‍ ഇപ്പോള്‍ ലഭ്യമല്ല. ID-10T എന്നത് കമ്പ്യൂട്ടര്‍ വിദഗ്ധരൊക്കെ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് എന്നും ബോധ്യമായി.
കൊവിഡിന്‍റെ ID-10T എന്ന പേരിലൊരു വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും പറയുന്നു. പുതിയ വകഭേദം സംബന്ധിച്ചുള്ളത് വ്യാജ വാര്‍ത്തയാണ് എന്ന് ഇക്കാരണങ്ങള്‍ വച്ച് ഉറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.