ഇറാനിലേക്ക് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങള്‍ പറത്താന്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചോ? ആരോപണം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published : Jun 23, 2025, 09:41 AM ISTUpdated : Jun 24, 2025, 04:20 PM IST
B-2 Bombers

Synopsis

ഇറാനിലെ ഫോര്‍ഡോ ആണവ നിലയത്തിലടക്കം അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ ബി-2 സ്‌പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ സഞ്ചാരപാതയൊരുക്കി എന്നായിരുന്നു ആരോപണം

ദില്ലി: ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനിലെ ആണവ നിലയങ്ങളില്‍ നടത്തിയ ആക്രമണത്തിന് (ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍) ഇന്ത്യന്‍ വ്യോമപാത യുഎസ് സേനകള്‍ ഉപയോഗിച്ചതായുള്ള പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചാണ് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങളടക്കം ഇറാനിലേക്ക് വിന്യസിച്ചത് എന്നായിരുന്നു ഇറാന്‍ ടൈംസിന്‍റെ ഉള്‍പ്പടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിഷേധിച്ചു. ഇറാനെ ആക്രമിക്കാന്‍ ഇന്ത്യ വ്യോമപാത അമേരിക്കയ്ക്ക് അനുവദിച്ചതായി പാകിസ്ഥാന്‍ അനുകൂല എക്‌സ് അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നു.

ഇറാനിലെ ഫോര്‍ഡോ ആണവ നിലയത്തിലടക്കം അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ ബി-2 സ്‌പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ സഞ്ചാരപാതയൊരുക്കി എന്നായിരുന്നു ഇറാന്‍ അനുകൂല എക്സ് അക്കൗണ്ടുകളിലെ പ്രചാരണം. പാക് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും സമാന ആരോപണമുയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെയാണ് യുഎസിന്‍റെ ബോംബര്‍ വിമാനങ്ങള്‍ ഇറാനില്‍ പ്രവേശിച്ചത് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്ട് ചെക്ക് വിശദീകരിച്ചു.

 

 

 

ഇന്ത്യന്‍സമയം ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു ഇറാനിലെ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നീ മൂന്ന് ആണവ നിലയങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്നായിരുന്നു ഇതിന് ഔദ്യോഗിക നാമം. ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമറില്‍ 125ലധികം യുഎസ് സൈനിക വിമാനങ്ങൾ, ബി-2 സ്റ്റെൽത്ത് ബോംബറുകൾ എന്നിവ പങ്കാളികളായി. 14 ജിബിയു-57 ബങ്കർ-ബസ്റ്റർ ബോംബുകളും (GBU-57A/B MOP) പേർഷ്യൻ ഗൾഫിലും അറേബ്യൻ കടലിലുമുള്ള യുഎസ് അന്തർവാഹിനികളിൽ നിന്ന് 30-ലധികം ടോമാഹോക്ക് മിസൈലുകളും അമേരിക്ക ഈ ഓപ്പറേഷനില്‍ ഇറാനിയന്‍ ആണവ നിലയങ്ങളില്‍ പ്രയോഗിച്ചു. ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ഫോർഡോ ആണവ നിലയം തകര്‍ക്കാനാണ് ബങ്കർ-ബസ്റ്റർ ബോംബുകള്‍ ഉപയോഗിച്ചത്. അമേരിക്കയില്‍ നിന്ന് നിര്‍ത്താതെ 37 മണിക്കൂര്‍ പറന്നാണ് ബി-2 വിമാനങ്ങള്‍ ഇറാനില്‍ പ്രവേശിച്ചത്. ഒറ്റപ്പറക്കലില്‍ 18,500 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ബി-2 സ്റ്റെൽത്ത് ബോംബറുകൾ.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങൾ ഇറാനിയൻ ആണവ പദ്ധതിയെ പൂർണ്ണമായും തകർത്തുവെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്‍റെ അവകാശവാദം. അതേസമയം ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്ക ഇറാനില്‍ കടന്നാക്രമണം നടത്തിയതിനെതിരെ പല ലോക രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check