കൊറോണക്കാലത്ത് ഷൂ ധരിക്കുന്നത് വലിയ അപകടമോ?

Published : Jul 05, 2020, 06:48 PM ISTUpdated : Jul 06, 2020, 02:42 PM IST
കൊറോണക്കാലത്ത് ഷൂ ധരിക്കുന്നത് വലിയ അപകടമോ?

Synopsis

പല ആളുകളും വീടുകള്‍ക്ക് പുറത്ത് ജോലിക്കായും മറ്റ് ആവശ്യങ്ങള്‍ക്കായും പോകുന്നതിനാല്‍ തിരിച്ചെത്തുമ്പോള്‍ ഷൂ അപകടമുണ്ടാക്കുമോ എന്നതാണ് സംശയം ജനിപ്പിക്കുന്നത്

ജനീവ: കൊവിഡ് 19 മഹാമാരി പടരുമ്പോള്‍ വലിയ ആശങ്ക സൃഷ്‌ടിക്കുന്ന കാര്യങ്ങളിലൊന്ന് വൈറസ് വിവിധ പ്രതലങ്ങളില്‍ എത്രസമയം ജീവനോടെ നിലനില്‍ക്കും എന്നതാണ്. കാലില്‍ ധരിക്കുന്ന ഷൂ വഴി കൊവിഡ് പടരുമോ എന്നൊരു ആശങ്ക ലോകത്തുണ്ട്. പല ആളുകളും വീടുകള്‍ക്ക് പുറത്ത് ജോലിക്കായും മറ്റ് ആവശ്യങ്ങള്‍ക്കായും പോകുന്നതിനാല്‍ തിരിച്ചെത്തുമ്പോള്‍ ഷൂ അപകടമുണ്ടാക്കുമോ എന്നതാണ് സംശയം ജനിപ്പിക്കുന്നത്. 

പുറത്തുപോകുമ്പോള്‍ ധരിക്കുന്ന ഷൂ വീടിനുള്ളിലും ധരിച്ചതാണ് കൊവിഡ് ഇറ്റലിയില്‍ പടര്‍ന്നുപിടിക്കാന്‍ കാരണം എന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. സമാന പ്രചാരണം വീണ്ടും സജീവമായിരിക്കുമ്പോള്‍ മറുപടി നല്‍കുകയാണ് ലോകാരോഗ്യ സംഘടന. 

ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

ഷൂവിലൂടെ കൊവിഡ് പകരാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ശിശുക്കളും കുട്ടികളും തറയില്‍ കളിക്കാറുള്ള വീടുകളാണെങ്കില്‍ നിങ്ങളുടെ ഷൂ വീടിന് പുറത്ത് ഉപേക്ഷിക്കുന്നതാണ് നല്ലത്. മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് ലോകാരോഗ്യ സംഘടന ഇങ്ങനെ നിര്‍ദേശിക്കുന്നത്. പുറത്തുള്ള അഴുക്ക് വീട്ടിലേക്ക് കടക്കുന്നത് തടയാന്‍ ഇത് സഹായിക്കും എന്നും WHO വ്യക്തമാക്കി. 

വിവിധ പ്രതലങ്ങളില്‍ വൈറസിന്‍റെ സാന്നിധ്യം എത്രസമയം നിലനില്‍ക്കും എന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാവില്ല. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. 

മുന്‍പും സമാന പ്രചാരണം 

ഇറ്റലിയില്‍ കൊവിഡ് വ്യപകമായി പടരുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ സന്ദേശമിങ്ങനെ. 'ഇറ്റലിയില്‍‌ ചികിത്സിക്കാന്‍ എത്തിയ ചൈനീസ് ഡോക്ടറാണ് അതിവേഗം രോഗം പടരുന്നതിന്‍റെ കാരണം കണ്ടെത്തിയത്. വീടുകള്‍ക്ക് പുറത്ത് ഉപയോഗിക്കുന്ന അതേ ഷൂ തന്നെയാണ് വീടുകള്‍ക്കുള്ളിലും ഇറ്റലിക്കാർ ഉപയോഗിക്കുന്നത്. ചിലർ ബെഡ്‌ഷൂമില്‍ വരെ ഇതേ ഷൂ ധരിച്ച് പ്രവേശിക്കും'. 

എന്നാല്‍, ഈ പ്രചാരണം തായ്‍ലന്‍ഡ് ആരോഗ്യവിഭാഗം അന്ന് തള്ളിക്കളഞ്ഞിരുന്നു. 'ഷൂ ചിലപ്പോള്‍ വൈറസ് വാഹകരായിരിക്കാം. നമ്മള്‍ ധരിക്കുന്ന ഷർട്ടോ പാന്‍റുകളോ പോലെ ഷൂവും വൈറസിനെ വീടുകളിലെത്തിക്കുന്നുണ്ടാവാം. എന്നാല്‍ ഷൂവാണ് കൊവിഡ് 19 വ്യപകമായി പടരാന്‍ ഇടയാക്കിയത് എന്ന് പറയാനാവില്ല' എന്നായിരുന്നു തായ്‍ലന്‍ഡ് ആരോഗ്യവിഭാഗത്തിന്‍റെ പ്രതികരണം. 

Read more: കൊവിഡ് വ്യാപനത്തിന് ആക്കംകൂട്ടിയത് ഇറ്റലിക്കാരുടെ ആ ശീലമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

PREV
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check