കൊവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഒന്നരലക്ഷത്തോളം പേർ കൊവിഡ് ബാധിതരായപ്പോള്‍ 17,669 പേർക്ക് ജീവന്‍ നഷ്ടമായി.

റോം: ഇറ്റലിയില്‍ കൊവിഡ് 19 വ്യാപനത്തിന് ആക്കംകൂട്ടിയത് വീടുകള്‍ക്കുള്ളില്‍ ഷൂ ധരിക്കുന്ന അവരുടെ ശീലമോ. ആണെന്നൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. 

'ഇറ്റലിയില്‍‌ ചികിത്സിക്കാന്‍ എത്തിയ ചൈനീസ് ഡോക്ടറാണ് അതിവേഗം രോഗം പടരുന്നതിന്‍റെ കാരണം കണ്ടെത്തിയത്. വീടുകള്‍ക്ക് പുറത്ത് ഉപയോഗിക്കുന്ന അതേ ഷൂ തന്നെയാണ് വീടുകള്‍ക്കുള്ളിലും ഇറ്റലിക്കാർ ഉപയോഗിക്കുന്നത്. ചിലർ ബെഡ്റൂമില്‍ വരെ ഇതേ ഷൂ ധരിച്ച് പ്രവേശിക്കും'. തായ് ഭാഷയില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു സന്ദേശമാണിത്. 

'ഷൂവില്‍ നിന്നാണ് കൊവിഡ് വൈറസ് പടർന്നത്. അതിനാല്‍ നന്നായി ഷൂ വൃത്തിയാക്കുകയാണ് രോഗം പിടിപെടാതിരിക്കാന്‍ അഭികാമ്യം' എന്ന് പ്രചരിക്കുന്ന മറ്റൊരു കുറിപ്പ് പറയുന്നു.

എന്നാല്‍ ഈ വാദങ്ങളെല്ലാം തായ്‍ലന്‍ഡ് ആരോഗ്യവിഭാഗം തള്ളിക്കളഞ്ഞു. 'ഷൂ ചിലപ്പോള്‍ വൈറസ് വാഹകരായിരിക്കാം. എന്നാല്‍ കൊവിഡ് പടർന്നുപിടിക്കാനുള്ള പ്രധാന കാരണം അതാണ് എന്ന് പറയാനാവില്ല. നമ്മള്‍ ധരിക്കുന്ന ഷർട്ടോ പാന്‍റുകളോ പോലെ ഷൂവും വൈറസിനെ വീടുകളിലെത്തിക്കുന്നുണ്ടാവാം. എന്നാല്‍ അതാണ് കൊവിഡ് 19 പടരാന്‍ നേരിട്ട് ഇടയാക്കിയത് എന്ന് പറയാനാവില്ല' എന്ന് തായ്‍ലന്‍ഡ് രോഗ നിയന്ത്രണ വിഭാഗത്തിലെ ഡോ. തനാരക് പ്ലിപാറ്റ് വാർത്താ ഏജന്‍സിയായ എഎഫ്‍പിയോട് പറഞ്ഞു. 

Read more: വൈറ്റമിന്‍ സി കൊവിഡിനെ തുരത്തുമെന്ന പ്രചാരണങ്ങളില്‍ കഴമ്പുണ്ടോ? വിദഗ്ധര്‍ പറയുന്നത്...

സോപ്പോ ആല്‍ക്കഹോള്‍ അടങ്ങുന്ന സാനിറ്റൈസറുകളോ ഉപയോഗിച്ച് കൈകള്‍ നിരന്തരം കഴുകുന്നതും മുഖത്ത് അനാവശ്യമായി തൊടാതിരിക്കുന്നതും രോഗ വ്യാപനം തടയും എന്നും അദേഹം വ്യക്തമാക്കി. കൊവിഡ് 19 പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതും ഇക്കാര്യമാണ്. വ്യത്യസ്തമായ പ്രതലങ്ങളില്‍ വൈറസ് എത്രനേരം ജീവിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഷൂവിനെ പറ്റി തെറ്റായ പ്രചാരണങ്ങള്‍ വ്യാപകമായത്.

Read more: കസേരകളില്‍ കുരുത്തോലകള്‍ ഒരുക്കി കൊവിഡ് കാലത്തെ ഓശാന; ചിത്രം ഫോട്ടോഷോപ്പോ അതോ ഒറിജിനലോ?

കൊവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഒന്നരലക്ഷത്തോളം പേർ കൊവിഡ് ബാധിതരായപ്പോള്‍ 17,669 പേർക്ക് ജീവന്‍ നഷ്ടമായി. ലോകത്താകമാനം 1,524,833 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 88,965 പേർ മരണപ്പെട്ടു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക