'ഉറപ്പാണ് എല്‍ഡിഎഫ്' പോസ്റ്റര്‍ പതിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടു എന്ന പ്രചാരണം, ചിത്രം വ്യാജം

By Web TeamFirst Published Mar 11, 2021, 10:06 AM IST
Highlights

'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന പോസ്റ്റര്‍ സ്ഥാപിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടതായാണ് പ്രചാരണം. 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തലസ്ഥാനത്തെ നിരവധി ഓട്ടോകള്‍ ചുവപ്പ് അണിഞ്ഞിരിക്കുകയാണ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പതിച്ച ഈ ഓട്ടോകള്‍ ഇതിനകം വിവാദമായിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണ് പോസ്റ്റര്‍ പതിക്കല്‍ എന്നാണ് ആക്ഷേപം. ഇതിനിടെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. 'ഉറപ്പാണ് എല്‍ഡിഎഫ്' പോസ്റ്റര്‍ ഒട്ടിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടതായാണ് . 

പ്രചാരണം

ഒമ്‌നിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതിന്‍റേതാണ് ചിത്രം. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന ചുവന്ന പോസ്റ്റര്‍ അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ കാണാം. വാഹനങ്ങളുടെ സമീപത്ത് മൂന്ന് പേര്‍ നില്‍ക്കുന്നതും വ്യക്തം. ഫേസ്‌ബുക്കില്‍ ഹരിജിത്ത് ഹര്‍ഷ എന്ന അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എല്‍ഡിഎഫിന്‍റെ പ്രചാരണ ഓട്ടോ അപകടത്തില്‍പ്പെട്ടതായി മറ്റ് നിരവധി ചിത്രങ്ങളും പോസ്റ്റുകളും ഫേസ്‌ബുക്കില്‍ കാണാം. 

 

വസ്‌തുത

പ്രചരിക്കുന്ന ചിത്രം ആരോ എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണ് എന്നതാണ് വസ്‌തുത. വൈറലായിരിക്കുന്ന ചിത്രം നടത്തിയപ്പോള്‍ ഒറിജിനല്‍ ചിത്രം കണ്ടെത്താനായി. ഒരു മാധ്യമം 2019 ഏപ്രില്‍ 18ന് നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. 

അപകടത്തില്‍പ്പെട്ട ഓട്ടോയും ഒമ്‌നിയും, സമീപത്തുള്ള മൂന്ന് ആളുകള്‍ ഇവയെല്ലാം ഇരു ചിത്രങ്ങളും ഒന്നാണ് എന്ന് തെളിയിക്കുന്നു. 

 

നിഗമനം

'ഉറപ്പാണ് എല്‍ഡിഎഫ്' പ്രചാരണ പോസ്റ്റര്‍ പതിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു എന്ന പ്രചാരണം വ്യാജമാണ്. ഫോട്ടോഷോപ്പ് ചെയ്ത് തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്. 


 

click me!