പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്ക് 5,000 രൂപ വരെ ക്യാഷ് പ്രൈസ് നൽകുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, അതൊരു സൈബര്‍ തട്ടിപ്പാണ്. 

ദില്ലി: വെറുതെയൊന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ 5,000 രൂപയോ? രാജ്യത്തെ പൗരന്‍മാർക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാഷ് പ്രൈസും ക്യാഷ് ബാക്കും നല്‍കുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ വസ്തുത എന്ത്? 5,000 രൂപ വരെ ലഭിക്കുമെന്നാണ് ക്ലിക്ക് ചെയ്യാനുള്ള ലിങ്ക് സഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്. ചില എഫ്‌ബി പോസ്റ്റുകളില്‍ പറയുന്നത് 2,000 രൂപ ലഭിക്കുമെന്നും. എന്‍ഡിഎ മിഷന്‍ ഇന്ത്യ എന്നൊക്കെ പേരില്‍ വിശ്വാസ്യത തോന്നുന്ന ഫേസ്ബുക്ക് പേജുകളിലൂടെയാണ് ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വസ്‌തുത

എന്നാലിത് വ്യാജ പ്രചാരണമാണ്. വെറുമൊരു ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ 5,000 രൂപയോ, 2,000 രൂപയോ, മറ്റ് ക്യാഷ്‌ബാക്കുകളോ ലഭിക്കില്ല. ഇത്തരം ഫേസ്ബുക്ക് പരസ്യങ്ങള്‍ വിശ്വസിച്ച് ആരും ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ പ്രവേശിക്കുക തട്ടിപ്പ് വെബ്‌സൈറ്റുകളിലാണ് എന്നറിഞ്ഞിരിക്കുക. നിങ്ങള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ലഭിക്കുകയുമില്ല. ചിലപ്പോള്‍ കയ്യിലുള്ള പൈസ പോവുകയോ, വ്യക്തിവിവരങ്ങള്‍ ചോരുകയോ ചെയ്യാം. സൗജന്യമായി ആളുകള്‍ക്ക് പണം നല്‍കുന്ന ഇത്തരം പദ്ധതികളൊന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്രചാരണം മുമ്പും

ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ക്യാഷ്‌ റിവാര്‍ഡുകളും ക്യാഷ്‌ബാക്കുകളും നേടാമെന്ന പ്രചാരണം മുമ്പും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നല്‍കുന്ന സൗജന്യ മൊബൈല്‍ റീചാര്‍ജ് എന്ന പേരിലും എഫ്‌ബിയില്‍ ലിങ്കുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം വലിയ സൈബര്‍ തട്ടിപ്പുകളുടെ ഭാഗമാണ് എന്നാണ് പിന്നീട് തെളിഞ്ഞത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്