വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമോ? Fact Check

By Web TeamFirst Published Apr 12, 2024, 10:19 AM IST
Highlights

മെസേജ് ധാരാളം പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് വോട്ട് ചെയ്യാന്‍ സാധിക്കും എന്നൊരു സന്ദേശം ലോക്സഭ തെരഞ്ഞെടുപ്പ് 2024 വേളയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. ഫേസ്‌ബുക്കിലും, വാട്സ്ആപ്പിലും വൈറലാണ് മെസേജ്. ചലഞ്ച് വോട്ട്, ടെൻഡർ വോട്ട് എന്നിവയെ കുറിച്ചും റീപോളിംഗിനെ കുറിച്ചും ഈ സന്ദേശത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ മെസേജ് ധാരാളം പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന്‍റെ വസ്‌തുതകള്‍ എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

പ്രിയമുള്ളവരെ,
👉 പോളിംഗ് ബൂത്തിൽ എത്തുമ്പോൾ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരില്ലെന്ന് കണ്ടെത്തുമ്പോൾ, നിങ്ങളുടെ ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ച് സെക്ഷൻ 49P പ്രകാരം *"ചലഞ്ച് വോട്ട്"* ചോദിക്കുകയും നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക.
 👉 ആരെങ്കിലും ഇതിനകം നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, *"ടെൻഡർ വോട്ട്"* ചോദിക്കുകയും നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക.
 👉ഏതെങ്കിലും പോളിംഗ് ബൂത്തിൽ 14% ടെണ്ടർ വോട്ടുകൾ രേഖപ്പെടുത്തിയാൽ, അത്തരം പോളിംഗ് ബൂത്തിൽ റീപോളിംഗ് നടത്തും.
 👉 വളരെ പ്രധാനപ്പെട്ട ഈ സന്ദേശം പരമാവധി ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക, കാരണം എല്ലാവരും അവരുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം .👏🙏👏
 *ജോഷി ചുള്ളിക്കൽ, ചേർത്തല*

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന സന്ദേശത്തിന്‍റെ വസ്തുത അറിയാന്‍ നടത്തിയ കീവേഡ് സെര്‍ച്ചില്‍ കണ്ണൂര്‍ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ 2024 ഏപ്രില്‍ എട്ടിന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാനായി. വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും വോട്ട് ചെയ്യാമെന്ന പ്രചാരണം തെറ്റാണ് എന്ന് ഈ കുറിപ്പില്‍ പറയുന്നു. ചലഞ്ച് വോട്ട്, ടെൻഡർ വോട്ട് എന്നിവ എന്താണ് എന്ന് കണ്ണൂര്‍ കലക്ടറുടെ പേജില്‍ വിശദീകരിക്കുന്നുണ്ട്. 

വസ്‌തുതകള്‍

1. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരില്ലെന്ന് കണ്ടെത്തിയാല്‍ പിന്നെ വോട്ട് ചെയ്യാന്‍ അവകാശമില്ല. 

2. സെക്ഷന്‍ 49Jയിലാണ് (49Pയില്‍ അല്ല) ചലഞ്ച് സംബന്ധിച്ച വിവരങ്ങള്‍ പരാമര്‍ശിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും വോട്ട് ചെയ്യാന്‍ വന്ന വോട്ടറുടെ ഐഡിന്‍റിറ്റി സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ചെയ്യുന്ന സമയത്താണ് ഐഡന്‍റിറ്റി തെളിയിക്കാനുള്ള നടപടി ക്രമങ്ങള്‍ 49J വകുപ്പിലുണ്ട്.

3. ആരെങ്കിലും ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ 'ടെന്‍ണ്ടര്‍ വോട്ട്' ചോദിക്കുകയും നിങ്ങളുടെ വോട്ട്- ടെന്‍റേഡ് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തുകയും ചെയ്യാന്‍ സാധിക്കും.

4. ഏതെങ്കിലും പോളിംഗ് ബൂത്തില്‍ 14% ടെണ്ടര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയാല്‍, അത്തരം പോളിംഗ് ബൂത്തില്‍ റീപോളിംഗ് നടത്തുമെന്നത് വസ്തുതാ വിരുദ്ധമാണ്. 

നിഗമനം

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ചലഞ്ച് വോട്ട് രേഖപ്പെടുത്താം എന്ന പ്രചാരണം വ്യാജമാണ്. 

Read more: 'ജൽപായ്‌ഗുരിയെ ഇളക്കിമറിച്ച്, മമതാ ബാനര്‍ജിയെ വിറപ്പിച്ച് പ്രധാനമന്ത്രിയുടെ റാലി' എന്ന വീഡിയോ യഥാര്‍ഥമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!