'ഇന്ത്യാ മുന്നണിക്ക് 326 സീറ്റുകള്‍, എന്‍ഡിഎ 194ലേക്ക് ചുരുങ്ങും' എന്നും സര്‍വേ ഫലമോ? സത്യമെന്ത്- Fact Check

By Web TeamFirst Published Apr 18, 2024, 4:12 PM IST
Highlights

ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിന്‍റെ മെഗാ സര്‍വേ ഫലം എന്ന അവകാശവാദത്തോടെയാണ് പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്

ദില്ലി: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള ആവേശ മത്സരത്തിലാണ് രാജ്യം. എന്‍ഡിഎ ഹാട്രിക് ഭരണം ലക്ഷ്യമിടുമ്പോള്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും എന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണിയാണ് മറുവശത്ത് മത്സരിക്കുന്നത്. എന്‍ഡിഎ- ഇന്ത്യാ മുന്നണി പോര് മൂര്‍ച്ഛിച്ചിരിക്കേ ഒരു സര്‍വേ ഫലം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ പ്രചാരണം തെറ്റാണ് എന്നതാണ് യാഥാര്‍ഥ്യം. 

പ്രചാരണം

ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിന്‍റെ മെഗാ സര്‍വേ ഫലം എന്ന അവകാശവാദത്തോടെയാണ് പത്രവാര്‍ത്തയുടെ കട്ടിംഗ് പ്രചരിക്കുന്നത്. ഇന്ത്യാ ബ്ലോക്ക് 10 സംസ്ഥാനങ്ങളില്‍ ലീഡ് നേടുമെന്നും എന്‍ഡിഎയെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടച്ചുനീക്കുമെന്നും പ്രീ-പോള്‍ സര്‍വേ ഫലം പറയുന്നു എന്നാണ് പ്രചാരണം. ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന്‍റെ 2024 ഏപ്രില്‍ 13-ാം തിയതിയിലെത് എന്ന് പറയപ്പെടുന്ന ഈ സ്ക്രീന്‍ഷോട്ട് നിരവധിയാളുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'ദൈനിക് ഭാസ്‌കര്‍-നെല്‍സണ്‍ സര്‍വേ: ലീഡ് ചെയ്യുന്ന പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 200ലധികം സീറ്റുകള്‍ ഇന്ത്യാ സഖ്യം നേടും. ഹിന്ദി ഹൃദയഭൂമിയില്‍ പോലും ബിജെപിക്ക് വോട്ട് കിട്ടാന്‍ പാകത്തിലുള്ള ഇമേജ് നരേന്ദ്ര മോദിക്കില്ല. ബിഹാറിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും നിന്ന് എന്‍ഡിഎ തുടച്ചുനീക്കപ്പെടും' എന്നും പത്രകട്ടിംഗ് പങ്കുവെച്ചുകൊണ്ട് പലരും എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. 

ദൈനിക് ഭാസ്‌കറിന്‍റെ സര്‍വേ ഫലം എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ന്യൂസ് കാര്‍ഡും പ്രചരിക്കുന്നുണ്ട്. 326 സീറ്റുകളാണ് സര്‍വേ ഫലം ഇന്ത്യാ മുന്നണിക്ക് നല്‍കുന്നത് എന്നാണ് ഈ കാര്‍ഡില്‍ കാണുന്നത്. എന്‍ഡിഎ സഖ്യം 194 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പറയുന്നു. 

വസ്‌തുത 

എന്നാല്‍ ഇങ്ങനെയൊരു സര്‍വേ ഫലം ദൈനിക് ഭാസ്‌കര്‍ പുറത്തുവിട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എഡിറ്റ് ചെയ്‌ത് തയ്യാറാക്കിയ സ്ക്രീന്‍ഷോട്ടാണ് വൈറലായിരിക്കുന്നത്. ദൈനിക് ഭാസ്‌കറിന്‍റെ ഏപ്രില്‍ 13-ാം തിയതിയിലെ പത്രത്തില്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് പോലൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടും ന്യൂസ് കാര്‍ഡും വ്യാജമാണ് എന്ന് ദൈനിക് ഭാസ്‌കര്‍ ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

: यह सर्वे फेक है, जिसे कुछ असामाजिक तत्वों ने तैयार किया है... दैनिक भास्कर ऐसे किसी भी कंटेंट का दावा नहीं करता है... ऐसे लोगों पर सख्त कार्रवाई होनी चाहिए pic.twitter.com/ahKD5dFWQC

— Dainik Bhaskar (@DainikBhaskar)

Read more: ഒഴിവാക്കാം തെരഞ്ഞെടുപ്പ് കാലത്ത് സൂര്യാഘാതം, ഇവ ശ്രദ്ധിക്കുക; സൂര്യാഘാതമേറ്റാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത്

click me!