സത്യത്തില്‍ രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞിട്ടുണ്ടോ വീഡിയോയില്‍? പരിശോധിക്കാം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍, മോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാംതവണയും തുടരും എന്ന് രാഹുല്‍ പറഞ്ഞതായുള്ള കുറിപ്പുകളോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. സത്യത്തില്‍ രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞിട്ടുണ്ടോ വീഡിയോയില്‍?
പ്രചാരണം
'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരും. 2024 ജൂണ്‍ നാലിന് മോദിയായിരിക്കും ഇന്ത്യന്‍ പ്രധാനമന്ത്രി. തെരഞ്ഞെടുപ്പില്‍ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി. ഇന്ത്യാ മുന്നണി ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും നേടാന്‍ പോകുന്നില്ല'- എന്നിങ്ങനെ രാഹുലിന്‍റെ പ്രസംഗം നീളുന്നതായാണ് വൈറല്‍ വീഡിയോ.
വസ്തുത
എന്നാല്‍ രാഹുല്‍ ഗാന്ധിയുടേതായി പ്രചരിക്കുന്ന വീഡിയോയില്‍ പലതവണ എഡിറ്റിംഗ് നടന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ജൂണ്‍ നാലിന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരില്ല എന്നാണ് സത്യത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിലെ നോ എന്ന വാക്ക് എഡിറ്റ് ചെയ്ത് നീക്കുകയായിരുന്നു.
രാഹുല്‍ പറഞ്ഞത് എന്ത്?
'ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയാത്ത ഒരു കാര്യം ഞാന്‍ പറയാം. 2024 ജൂണ്‍ നാലിന് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കില്ല. ഇത് എഴുതിവച്ചോളൂ, മോദി തുടര്‍ന്നു പ്രധാനമന്ത്രിയായിരിക്കില്ല. യുപിയില്‍ ഞങ്ങളുടെ സഖ്യം 50ല്‍ കുറയാത്ത സീറ്റുകള്‍ നേടും'.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ സമ്പൂര്‍ണ വീഡിയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വെരിഫൈഡ് യൂട്യൂബ് അക്കൗണ്ടില്‍ കാണാം. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സംസാരിക്കുന്നു എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറല്‍ വീഡിയോയിലും ഈ വീഡിയോയിലും ഒരേ പശ്ചാത്തലമാണുള്ളത്.
നിഗമനം
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരും എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചിട്ടില്ല. മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ പോകുന്നില്ല എന്നാണ് രാഹുല്‍ പ്രസംഗിച്ചത്.
Read more: ശ്രീനഗറില്‍ നടുറോഡില്‍ തീവ്രവാദിയെ സാഹസികമായി കീഴടക്കി കമാന്‍ഡോ എന്ന വീഡിയോ വ്യാജം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം