മലപ്പുറം പെണ്‍കുട്ടി ഫാത്തിമ ഫിദ കരിപ്പൂര്‍-ദില്ലി വിമാനം പറത്തുന്നോ? പോസ്റ്റുകള്‍ വൈറല്‍, സത്യമെന്ത്

Published : Feb 08, 2024, 07:15 PM ISTUpdated : Feb 08, 2024, 10:45 PM IST
മലപ്പുറം പെണ്‍കുട്ടി ഫാത്തിമ ഫിദ കരിപ്പൂര്‍-ദില്ലി വിമാനം പറത്തുന്നോ? പോസ്റ്റുകള്‍ വൈറല്‍, സത്യമെന്ത്

Synopsis

'ഇന്ന് കരിപ്പൂരിൽ നിന്നും ദില്ലിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണ്' എന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിലുള്ളത് 

തുവ്വൂര്‍: മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടി ഇന്ന് കരിപ്പൂരിൽ നിന്നും ദില്ലിയിലേക്ക് ഇൻഡിഗോ വിമാനം പറത്തുന്നു എന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യാപകമാണ്. മലബാറിലെ മുസ്ലീം പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം നേടുന്നതിനെയും പുതിയ തൊഴില്‍മേഖലകള്‍ കണ്ടെത്തുന്നതിനേയും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ എഫ്ബി പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണ് എന്ന് പലരും കമന്‍റ് ബോക്സില്‍ സൂചിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രചാരണത്തിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് നമ്മുടെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണ്. നമുക്ക് കഴിയാത്തതൊന്നുമില്ല എന്ന് തെളിയിക്കുകയാണ് പെൺകുട്ടികൾ'- എന്നുമാണ് എന്‍റെ തിരൂർ എന്ന അക്കൗണ്ടില്‍ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. 2024 ഫെബ്രുവരി 8-ാം തിയതിയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സമാന രീതിയിലുള്ള പോസ്റ്റുകള്‍ Comared Comared, തിരൂകാരൻ, ഷുഹൈബ് എം, കാട്ടു കടന്നൽ, അഷ്റഫ് കൊളമ്പലം തുടങ്ങി നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കാണാം. 

ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

വസ്‌തുതാ പരിശോധന

ഫാത്തിമ ഫിദയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലെ വിവരങ്ങള്‍ തെറ്റാണെന്ന് പലരും കമന്‍റ് ബോക്‌സില്‍ സൂചിപ്പിച്ചതായി കാണാനായി. ഇതാണ് വസ്തുതാ പരിശോധനയിലേക്ക് നയിച്ചത്. തുടര്‍ന്ന് ഫാത്തിമ ഫിദയുടെ പിതാവിന്‍റെ കോണ്‍ടാക്ട് നമ്പര്‍ കണ്ടെത്തുകയും അദേഹവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ഫോണില്‍ സംസാരിക്കുകയും ചെയ്തു. 

ഫാത്തിമ ഫിദയുടെ പിതാവിന്‍റെ പ്രതികരണം ചുവടെ

'ഫാത്തിമ ഫിദ പൈലറ്റാവാനുള്ള കോഴ്സ് പഠിക്കാനായി ഉത്തര്‍പ്രദേശിലേക്ക് 2024 ജനുവരി 31ന് പോയിട്ടേയുള്ളൂ. ഫെബ്രുവരി 2ന് മാത്രമാണ് ഫാത്തിമയുടെ ക്ലാസുകള്‍ ആരംഭിച്ചത്. ഫാത്തിമ ഫിദ കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് വിമാനം പറത്തുന്നതായുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ അതിനാല്‍ തന്നെ വ്യാജമാണ്. മകളെ കുറിച്ച് വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മകള്‍ കോഴ്സിന് ചേര്‍ന്നതിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ചാണ് ഇപ്പോഴത്തെ തെറ്റായ പ്രചാരണം' എന്നും ഫാത്തിമ ഫിദയുടെ പിതാവ് അബൂജുറൈജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

നിഗമനം 

ഇന്ന് കരിപ്പൂരിൽ നിന്നും ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനം പറത്തുന്നത് മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണെന്ന ഫേസ്ബുക്ക് പോസ്റ്റുകളിലെ വിവരങ്ങള്‍ തെറ്റാണ്. പെണ്‍കുട്ടി പൈലറ്റായിട്ടില്ല എന്നും, പൈലറ്റാവാന്‍ പഠനം ആരംഭിച്ചിട്ടേയുള്ളൂവെന്നും കുടുംബം വ്യക്തമാക്കി. 

Read more: നായക്ക് കൊടുക്കാനെടുത്ത ബിസ്കറ്റ് നല്‍കി പ്രവര്‍ത്തകനെ രാഹുല്‍ ഗാന്ധി അപമാനിച്ചോ; വൈറല്‍ വീഡിയോയുടെ സത്യമിത്
    

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check