
പാകിസ്ഥാനിലെ പ്രളയത്തിനിടെ കനത്ത കുത്തൊഴുക്കില്‍ സാഹസികമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പാക് മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ യഥാര്‍ഥമല്ല, എഐ നിര്‍മ്മിതമാണ് എന്നൊരു വാദവും പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഉയര്‍ന്നു. അതേസമയം, പ്രളയ റിപ്പോര്‍ട്ടിംഗിനിടെ ഒഴിക്കില്‍പ്പെട്ട ഈ പാക് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ടുവെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം.
പ്രചാരണം
'പ്രളയ റിപ്പോര്‍ട്ടിംഗിനിടെ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന് ജീവന്‍ നഷ്‌ടമായി, പ്രളയം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പാക് ജേണലിസ്റ്റ് മരണപ്പെട്ടു'- എന്നിങ്ങനെയുള്ള കുറിപ്പുകളോടെയാണ് വീഡിയോ എക്‌സില്‍ നിരവധി യൂസര്‍മാര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അത്തരം എക്‌സ് പോസ്റ്റുകളില്‍ ചിലതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. വൈറല്‍ വീഡിയോയിലെ മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ടതായി ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
വസ്‌തുത
പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രളയ ജലത്തില്‍ നിന്നുകൊണ്ട് സാഹസികമായി റിപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ യഥാര്‍ഥമാണ് എന്നതാണ് ആദ്യ വസ്‌തുത. ഈ വീഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതല്ല. ശക്തമായ കുത്തൊഴുക്കില്‍ ഈ മാധ്യമപ്രവര്‍ത്തകന്‍റെ നിയന്ത്രണം നഷ്‌ടമാകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അദേഹം ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടതായുള്ള പ്രചാരണം തെറ്റാണ് എന്ന് ഫാക്‌ട് ചെക്ക് വെബ്‌സൈറ്റുകളുടെ പരിശോധനയില്‍ വ്യക്തമായി. ഇക്കാര്യം ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തതായി കാണാം.
വൈറല്‍ വീഡിയോയില്‍ കാണുന്നത് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ അലി മൂസാ റാസയാണ്. പാകിസ്ഥാനിലെ പ്രാദേശിക മാധ്യമമായ റോഹി ടിവിയിലാണ് വൈറല്‍ വീഡിയോയില്‍ കാണുന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. 2025 ജൂലൈ 14-നായിരുന്നു റോഹി ടിവിയുടെ റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ അലി മൂസാ റാസയും ക്യാമറാമാനും പകര്‍ത്തിയത്. ഇതിന് മുമ്പും പ്രളയകാലത്ത് സാഹസികമായ റിപ്പോര്‍ട്ടിംഗുമായി വൈറലായ ആളാണ് അലി മൂസാ റാസ.