പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ കാര്‍ അപകടത്തില്‍ മരിച്ചതായി വ്യാജ പ്രചാരണം

By Web TeamFirst Published Jun 25, 2020, 10:07 AM IST
Highlights

പാകിസ്ഥാനിലെ ചില ട്വിറ്റര്‍-ഫേസ്‌ബുക്ക് ഉപയോക്താക്കളാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്

ലാഹോര്‍: പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ മരണപ്പെട്ടതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പാകിസ്ഥാനിലെ ചില ട്വിറ്റര്‍-ഫേസ്‌ബുക്ക് ഉപയോക്താക്കളാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്. 

പ്രചാരണം ഇങ്ങനെ

ഉറുദുവിലായിരുന്നു മികച്ച പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത്. 'ബ്രേക്കിംഗ് ന്യൂസ്, രോഗംമൂലം പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ മരിച്ചു. വയറിലെ അണുബാധമൂലം ചികിത്സയിലായിരുന്നു താരം എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ബോര്‍ഡ് സ്ഥിരീകരിച്ചു'. ഇതാണ് ഫേസ്‌ബുക്കില്‍ പ്രചരിച്ച കുറിപ്പ്. കാര്‍ അപകടത്തിലാണ് മുഹമ്മദ് ഇര്‍ഫാന്‍ മരിച്ചത് എന്നും പ്രചാരണമുണ്ടായിരുന്നു.

 

 

അഭ്യൂഹങ്ങള്‍ തള്ളി താരം രംഗത്ത്

എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ് മുഹമ്മദ് ഇര്‍ഫാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. 'കാര്‍ അപകടത്തില്‍ മരണപ്പെട്ടതായി ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഇത് എന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും വേദനിപ്പിച്ചു. ഒട്ടേറെ ഫോണ്‍കോളുകളാണ് ലഭിക്കുന്നത്. ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് പിന്‍മാറുക. എനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല, സുഖമായിരിക്കുന്നു'- എന്നായിരുന്നു താരത്തിന്‍റെ ട്വിറ്റ്. 

 

മരിച്ചത് മറ്റൊരു മുഹമ്മദ് ഇര്‍ഫാന്‍

പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ മരണപ്പെട്ടതായുള്ള പ്രചാരണം വ്യാജമാണ്. സമാന പേരിലുള്ള മറ്റൊരു താരം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പാകിസ്ഥാന്‍റെ ഡെഫ് ക്രിക്കറ്റ് ടീം മുന്‍ താരമായിരുന്ന മുഹമ്മദ് ഇര്‍ഫാന്‍റെ മരണവാര്‍ത്ത ജൂണ്‍ 21ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതാണ്. ഇതിനുപിന്നാലെ ഉയരക്കാരനായ പേസറുടെ ചിത്രം സഹിതം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു. പാകിസ്ഥാനായി 12 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് മരണപ്പെട്ട ഡെഫ് ക്രിക്കറ്റര്‍ മുഹമ്മദ് ഇര്‍ഫാന്‍.  

click me!