'ഇക്കഴിഞ്ഞ സൂര്യഗ്രഹണത്തിന്‍റെ അഡാര്‍ ക്ലിക്ക്', കണ്ണഞ്ചിപ്പിക്കുന്ന ചിത്രത്തിന് പിന്നില്‍

Published : Jun 24, 2020, 04:58 PM ISTUpdated : Jun 25, 2020, 01:22 PM IST
'ഇക്കഴിഞ്ഞ സൂര്യഗ്രഹണത്തിന്‍റെ അഡാര്‍ ക്ലിക്ക്', കണ്ണഞ്ചിപ്പിക്കുന്ന ചിത്രത്തിന് പിന്നില്‍

Synopsis

ബ്രിട്ടീഷ് എയര്‍വൈസിന്‍റെ ഒരു പൈലറ്റ് പകര്‍ത്തിയത് എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ചിത്രം ഏവരെയും അമ്പരപ്പിച്ചു. പൂര്‍ണ സൂര്യഗ്രഹണത്തിനൊപ്പം ചിത്രം പകര്‍ത്തിയ പൈലറ്റുള്ള വിമാനത്തിന് സമാനമായി മറ്റൊരു വിമാനം സഞ്ചരിക്കുന്നതും ചിത്രത്തില്‍ കാണാം.

ലണ്ടന്‍: ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണം ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു. ഇതിനുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിലൂടെ സൂര്യഗ്രഹണത്തിന്‍റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു. ബ്രിട്ടീഷ് എയര്‍വൈസിന്‍റെ ഒരു പൈലറ്റ് പകര്‍ത്തിയത് എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ഇക്കൂട്ടത്തിലൊരു ചിത്രം ഏവരെയും അമ്പരപ്പിച്ചു. സൂര്യഗ്രഹണത്തിനൊപ്പം ചിത്രം പകര്‍ത്തിയ പൈലറ്റുള്ള വിമാനത്തിന് സമാനമായി മറ്റൊരു വിമാനം സഞ്ചരിക്കുന്നതും ചിത്രത്തില്‍ കാണാം. ഈ ഗംഭീര ചിത്രം ഫോട്ടോഷോപ്പാണോ എന്ന ചര്‍ച്ചയും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. എന്താണ് വസ്‌തുത. 

പ്രചാരണം ഇങ്ങനെ

'വിമാനം അറ്റ്‌ലാന്‍റിക് സമുദ്രം കടക്കുന്നതിനിടെ ബ്രിട്ടീഷ് എയര്‍വൈസ് പൈലറ്റ് പകര്‍ത്തിയ സൂര്യഗ്രഹണത്തിന്‍റെ ചിത്രമാണിത്. വിമാനത്തിന് സമാന്തരമായി മറ്റൊരു വിമാനം സഞ്ചരിക്കുന്നതും കാണാം. ഫോട്ടോ വലുതാക്കി വിസ്‌മയ ക്ലിക്കിന്‍റെ പൂര്‍ണ ഭംഗി ആസ്വദിക്കുക...'- ഈ കുറിപ്പോടെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

അതേസമയം, ബഹിരാകാശത്തുനിന്ന് പകര്‍ത്തിയ ചിത്രമാണ് ഇതെന്നും പ്രചാരണമുണ്ട്. ഫോട്ടോഷോപ്പ് ആണോ എന്ന ചോദ്യം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് ഈ ചിത്രത്തിന് താഴെയാണ്.   

 

ചിത്രം ബ്രിട്ടീഷ് പൈലറ്റ് പകര്‍ത്തിയതോ?

വൈറലായിരിക്കുന്ന ചിത്രം അടുത്തിടെ നടന്ന സൂര്യഗ്രഹണത്തിന്‍റെത് അല്ല എന്നതാണ് വസ്‌തുത, ഇത് ബ്രിട്ടീഷ് പൈലറ്റ് പകര്‍ത്തിയതും അല്ല. 2017 മുതല്‍ ഇന്‍റര്‍നെറ്റില്‍ സജീവമായ ചിത്രമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ചെടുത്ത ചിത്രമാണ് ഇത് എന്നതാണ് മറ്റൊരു വസ്‌തുത.

വസ്‌തുതാ പരിശോധനാ രീതി

1. 2020ലെ ആദ്യ സൂര്യഗ്രഹണത്തിന്‍റെ ചിത്രമല്ല

ഫോട്ടോ ഷെയറിംഗ് സാമൂഹ്യമാധ്യമമായ പിന്ററെസ്റ്റില്‍(Pinterest) 2017 മുതല്‍ ഈ ചിത്രം അപ്‌ലോഡ് ചെയ്തതായി റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. നിരവധി പേര്‍ സമാനചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

 

2. ചിത്രം നാസയുടേത്

ഷട്ടര്‍സ്റ്റോക്കിലും(Shutterstock) ഈ ചിത്രം അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. എന്നാല്‍, സൂര്യഗ്രഹണത്തിന്‍റേതായി നാസ രൂപകല്‍പന ചെയ്‌ത ചിത്രമാണ് ഇത് എന്നാണ് ഷട്ടര്‍സ്റ്റോക്കിലെ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുള്ളത്.

3. അറ്റ്‌ലാന്‍റിക്കല്ല, താഴെ കര

അറ്റ്‌ലാന്‍റിക് സമുദ്രത്തിന് മുകളില്‍ വച്ച് പകര്‍ത്തിയ ചിത്രം എന്നാണ് പ്രചാരണം. എന്നാല്‍ ചിത്രത്തിന് കീഴെ കാണുന്നത് കരപ്രദേശമാണ് എന്ന് സൂം ചെയ്‌ത് നോക്കിയാല്‍ മനസിലാകും.

4. ബഹിരാകാശത്തുനിന്ന് പകര്‍ത്തിയതും അല്ല

ബഹിരാകാശത്തുനിന്ന് പകര്‍ത്തിയതാണ് എന്ന പ്രചാരണവും പൊളിയുകയാണ്. പ്രചരിക്കുന്ന ചിത്രം അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ഭൂമിയുടെ ആകൃതി പരന്നതായിരിക്കണം. എന്നാല്‍, ബഹിരാകാശത്തുനിന്ന് പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങളില്‍ ഭുമിയുടെ ഗോളാകൃതി വ്യക്തമായി കാണാനാവുന്നതാണ്.  

മുമ്പ് അമേരിക്കയിലും വൈറല്‍

2017 ഓഗസ്റ്റ് 21ലെ പൂര്‍ണ സൂര്യഗ്രഹണത്തിന്‍റെ ചിത്രം എന്ന പേരില്‍ ഇത് അന്ന് അമേരിക്കയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും വൈറലായിരുന്നു. എന്നാല്‍, എന്ന് രൂപകല്‍പന ചെയ്‌തതിന്റെ കൃത്യമായ തീയതി ലഭ്യമല്ല. 

ചിത്രം പകര്‍ത്തിയെന്ന് അവകാശപ്പെടുന്ന പൈലറ്റിന്‍റെ വിമാനത്തിന് സമാന്തരമായി സഞ്ചരിക്കുന്ന വിമാനത്തിന്‍റെ കാര്യത്തിലും ട്വിസ്റ്റുണ്ട്. ഈ വിമാനം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാണ്. സമാന്തരമായി സഞ്ചരിക്കുന്ന വിമാനം ഇല്ലാത്ത ചിത്രവും പിന്ററെസ്റ്റില്‍ കാണാനാവും. രണ്ട് വിമാനങ്ങള്‍ സമാന്തരമായി ഇത്രയടുത്ത് സഞ്ചരിക്കുക എന്നതും അപ്രായോഗികമാണ്. 

നിഗമനം

ജൂണ്‍ 21ലെ സൂര്യഗ്രഹണത്തിന്‍റെ ബ്രിട്ടീഷ് പൈലറ്റ് പകര്‍ത്തിയ ഫോട്ടോ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രമാണ്. ബഹിരാകാശത്തുനിന്ന് പകര്‍ത്തിയ ചിത്രവുമല്ല ഇത്. ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ചെടുത്ത ചിത്രമാണിത്. എന്നാല്‍, എന്നാണ് ആദ്യമായി ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തത് എന്ന് വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check