
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി വിമാനത്താവളത്തിന് പുറത്ത് റോഡില്‍ ലാന്‍ഡ് ചെയ്തുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വാസ്തവം എന്താണ്. കൊവിഡ് 19 മഹാമാരിക്കിടയിലും ഹെലികോപ്റ്റർ കാണാന്‍ നിരവധിയാളുകള്‍ എത്തിയെന്ന പേരില്‍ ചിത്രം സഹിതമാണ് വാട്ട്സ് ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാനും ദിവസമായി പ്രചാരണം നടക്കുന്നത്.
പ്രചാരണം
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി പുറത്ത് റോഡില്‍ കുറുകെ ലാന്‍ഡ് ചെയ്തു. സേനാ ഹെലികോപ്റ്റര്‍ റോഡില്‍ നില്‍ക്കുന്നതും, നിരവധിയാളുകള്‍ നോക്കി നില്‍ക്കുന്നതോടെൊപ്പമുള്ള ചിത്രവും പ്രചാരണത്തോടൊപ്പമുണ്ട്. സേനയുടെ കഴിവിനെയടക്കം പരിഹസിക്കുന്ന രീതിയിലാണ് വാട്ട്സ്ആപ്പില്‍ പ്രചാരണം നടക്കുന്നത്.
വസ്തുത
ശംഖുമുഖം മത്സ്യ കന്യകാ പാര്‍ക്കില്‍ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന ഡീ കമ്മീഷന്‍ ചെയ്ത എംഐ8 ഹെലികോപ്റ്ററിന്‍റെ ചിത്രമാണ് വ്യാജ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്. യുവജനങ്ങളെ സേനയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ വായുസേന ചെയ്ത നടപടിയായിരുന്നു ഇത്. ശംഖുമുഖത്തെ വായുസേനാ താവളത്തില്‍ നിന്നുമായിരുന്നു ഹെലികോപ്റ്റര്‍ പാര്‍ക്കിലേക്ക് എത്തിച്ചത്. ഇന്‍സ്റ്റലേഷന് എത്തിച്ച ഹെലികോപ്റ്റര്‍ റോഡിലൂടെയായിരുന്നു ശംഖുമുഖത്തെ മത്സ്യകന്യകാ പാര്‍ക്കിലെത്തിച്ചത്. ജൂണ്‍ 20നാണ് എംഐ ഹെലികോപ്റ്റര്‍ ശംഖുമുഖത്ത് എത്തിച്ചത്.
വസ്തുതാ പരിശോധനാ രീതി
ശംഖുമുഖത്തേക്ക് എംഐ8 ഹെലികോപ്റ്റര്‍ എത്തിക്കുന്നത് സംബന്ധിച്ച് സേനാ വക്താവിന്‍റെ ട്വീറ്റും ചിത്രങ്ങളും. സേനാ വക്താവ് ധന്യ സനല്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങളിലൊന്നാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
നിഗമനം
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം തെറ്റി വിമാനത്താവളത്തിന് പുറത്ത് റോഡില്‍ ലാന്‍ഡ് ചെയ്തുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.