ആരോഗ്യപ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം ന്യൂസിലന്‍റിലെയല്ല; ആ വീഡിയോയ്ക്ക് പിന്നില്‍

By Web TeamFirst Published Jun 22, 2020, 8:42 PM IST
Highlights

കൊവിഡിനെ നേരിടുന്നതില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ച രാജ്യമാണ് ന്യൂസിലന്‍റ്. ഇപ്പോള്‍ ന്യൂസിലന്‍റിലെ ആരോഗ്യപ്രവര്‍ത്തരുടെ പേരിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്. 

ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടരുന്നതിന്‍റെ ആശങ്കയിലാണ്. രോഗത്തെ ചെറുക്കാനുള്ള വഴി തേടി ശാസ്ത്രലോകം കഠിന പരിശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍, ആശങ്കകള്‍ക്കിടയിലും വ്യാജ വാര്‍ത്തകള്‍ക്ക് മാത്രം ഒരു കുറവുമില്ല. ഇപ്പോള്‍ അത്തരമൊരു വ്യാജ വീഡിയോയുടെ പിന്നിലുള്ള സത്യമാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രചാരണം ഇങ്ങനെ

കൊവിഡിനെ നേരിടുന്നതില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ച രാജ്യമാണ് ന്യൂസിലന്‍റ്. ഇപ്പോള്‍ ന്യൂസിലന്‍റിലെ ആരോഗ്യപ്രവര്‍ത്തരുടെ പേരിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ന്യൂസിലന്‍റിലെ ഒരു ആശുപത്രിയില്‍ നിന്ന് അവസാന കൊവിഡ് ബാധിതനും രോഗവിമുക്തനായി പോകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നു എന്ന പ്രചാരണത്തോടെയാണ് വീഡിയോ പരക്കുന്നത്.

ഇന്ത്യയിലും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി  ഈ വീഡിയോ പ്രചരിച്ചു. അവസാന കൊവിഡ് രോഗിയും സുഖപ്പെട്ടതോടെ ന്യൂസിലന്‍റിലെ കൊവിഡ് വാര്‍ഡ് അടച്ചുവെന്നും ഈ വീഡിയോയ്ക്കൊപ്പം പ്രചാരണമുണ്ടായി.

സത്യമിങ്ങനെ

ഈ വീഡിയോ ന്യൂസിലന്‍റിലെ അല്ലെന്നുള്ളതാണ് സത്യം. ഇംഗ്ലീഷ് മാധ്യമമായ ക്വിന്‍റ് ആണ് വീഡിയോ ന്യൂസിലന്‍റിലെയല്ലെന്നും ഇറ്റലിയിലെയാണെന്നും പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയില്‍ വലതുവശത്ത് മുകളില്‍ 'വിസിറ്റ് ഇറ്റലി' എന്ന വാട്ടര്‍ മാര്‍ക്ക് കാണാവുന്നതാണ്. ഇതോടെ വിസിറ്റ് ഇറ്റലി എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചപ്പോള്‍ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്താനായി.

ഇറ്റലിയെ മറ്റേറാസ് ആശുപത്രിയിലെ വീഡിയോ എന്ന് പറഞ്ഞാണ് അത് പോസ്റ്റ് ചെയ്തിരുന്നത്. മറ്റേറാസ് ആശുപത്രിയെ കുറിച്ച് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ നിരവധി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ഈ ആശുപത്രിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്താനായി. അതില്‍ ഐവിഎല്‍24 എന്ന വെബ്സൈറ്റ് ഈ വീഡിയോയും നല്‍കിയിട്ടുണ്ട്. 

നിഗമനം

ന്യൂസിലന്‍റിലെ ഒരു ആശുപത്രിയില്‍ നിന്ന് അവസാന കൊവിഡ് ബാധിതനും രോഗവിമുക്തിനായി പോകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന എന്ന പ്രചാരണത്തോടെ പരക്കുന്ന വീഡിയോ ഇറ്റലിയിലെയാണെന്ന് വ്യക്തമായിരിക്കുകയാണ്. 

click me!