
രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായിരിക്കേ അസമും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങൾ പ്രളയഭീതിയിലാണ്. കനത്ത മഴയും നദികൾ കരകവിഞ്ഞതും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അസമിലെ പ്രളയ തീവ്രത വെളിവാക്കുന്ന നിരവധി ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട പുള്ളിമാൻ കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന ബാലൻറെ ചിത്രമാണ് ഇതിലൊന്ന്. പ്രളയകാലത്തെ ബാഹുബലിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വാഴ്ത്തിപ്പാടുകയാണ് ഈ പയ്യനെ. എന്നാൽ ഈ ചിത്രത്തിന് പിന്നിലൊരു ട്വിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്.
പ്രചാരണം
അസമിലെ വെള്ളപ്പൊക്കത്തില്‍ നിന്ന് മാന്‍ കുഞ്ഞിനെ രക്ഷിച്ച യഥാര്‍ത്ഥ ബാഹുബലി. മനുഷ്യത്വം ഇന്നുമുണ്ട്, ഇത് തുടക്കം മാത്രം എന്നെല്ലാമുള്ള കുറിപ്പോടെയാണ് ട്വിറ്ററിലടക്കം ചിത്രം വൈറലായത്. സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയോട് ഉപമിച്ചായിരുന്നു അസമിലെ പ്രളയത്തിന്‍റേതെന്ന പേരില്‍ ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്.
വസ്തുത
2014 മാര്‍ച്ചില്‍ ഹസിബ് വഹാബ് എന്ന ഫോട്ടോഗ്രാഫര്‍ പ്രസിദ്ധീകരിച്ചതാണ് ഈ ചിത്രം. 23 ജൂണ്‍, 2012ല്‍ ബംഗ്ലാദേശില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രമെന്നാണ് ഫോട്ടോഗ്രാഫര്‍ വിശദമാക്കുന്നത്.
വസ്തുതാ പരിശോധനാ രീതി
റിവേഴ്സ് ഇമേജ് രീതിയുപയോഗിച്ചാണ് ഇപ്പോള്‍ വൈറലായ ചിത്രം അസമിലേതല്ലെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് നിരവധി ചിത്രങ്ങളും ലേഖനങ്ങളും ബൂംലൈവ് നടത്തിയ വസ്തുതാ പരിശോധനയില്‍ കണ്ടെത്തി. 2014ലേതായിരുന്നു ഇവയില്‍ മിക്കതും. ഇവയേക്കുറിച്ച് ഫോട്ടോഗ്രാഫര്‍ നടത്തിയ പ്രതികരണവും കണ്ടെത്താനായി. 2012 ജൂണിലാണ് ഈ ചിത്രം എടുത്തത്.
ബാലന്‍റെ പേര് അബ്ദുള്‍ മന്നാന്‍ എന്നാണെന്നും ചിത്രമെടുക്കുമ്പോള്‍ 15 വയസായിരുന്നു ബാലന്‍റെ പ്രായമെന്നും ഹസിബ് വഹാബ് വിശദമാക്കുന്നത്. കനാലില്‍ ഒറ്റപ്പെട്ട് പോയ മാന്‍ കുഞ്ഞിനെ അതിന്‍റെ കൂട്ടത്തിലേക്ക് എത്തിക്കുകയായിരുന്നു അബ്ദുള്‍. ബംഗ്ളാദേശിലെ നിജും ദ്വീപ്, നോഅഖലി എന്നിവിടങ്ങളില്‍ നടന്ന ടൂറിനിടയിലായിരുന്നു ഈ ചിത്രം പകര്‍ത്തിയതെന്നും ഹസിബ് വഹാബ് പ്രതികരിക്കുന്നത്.
നിഗമനം
അസമും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തിൽ അതിജീവനത്തിന്‍റെ മുഖമായി മാറിയ ബാലന്‍റെ ചിത്രം അസമിലേതല്ല. ആ രീതിയിലുള്ള പ്രചാരണം തെറ്റിധാരണ ഉണ്ടാക്കുന്നതാണ്.
കാണാം ഫാക്‌ട് ചെക്ക് വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.