നാടകീയതകൾക്കൊടുവിൽ ബിജെപിയിൽ ചേക്കേറിയോ സച്ചിൻ പൈലറ്റ്? ചിത്രത്തിന് പിന്നിൽ

By Web TeamFirst Published Jul 21, 2020, 3:37 PM IST
Highlights

ബിജെപി അധ്യക്ഷനൊപ്പം നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിന് ആശംസ അര്‍പ്പിച്ച്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്?

'രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേര്‍ന്നു.' ബിജെപി അധ്യക്ഷനൊപ്പം നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിന് ആശംസ അര്‍പ്പിച്ച്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്?


പ്രചാരണം

ബിജെപിയില്‍ ചേര്‍ന്നതിന് അഭിനന്ദനം സച്ചിന്‍ പൈലറ്റ്, സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയോടൊപ്പമുള്ള കോണ്‍ഗ്രസ് വിമത നേതാവ് സച്ചിന്‍ പൈലറ്റിന്‍റെ ചിത്രത്തിലെ കുറിപ്പ് ഇത്തരത്തിലാണ്. അശോക് ഗെലോട്ട് പക്ഷത്തോട് സച്ചിന്‍ പൈലറ്റ് ഇടഞ്ഞതിന് പിന്നാലെയായിരുന്നു ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്. മഞ്ഞപുഷ്പങ്ങള്‍ അടങ്ങിയ ബൊക്കെ നല്‍കിയ സച്ചിന്‍ പൈലറ്റിനെ സ്വീകരിക്കുന്ന നദ്ദയുടെ ചിത്രത്തിന് വ്യാപക പ്രചാരവും നേടിയിരുന്നു. ജൂലൈ 12 മുതലാണ് ഈ ചിത്രം വ്യാപകമായത്. 

 

വസ്തുത

ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന ചിത്രത്തില്‍ ഫോട്ടോഷോപ്പ് തട്ടിപ്പ് നടത്തുകയായിരുന്നു.

 

വസ്തുതാ പരിശോധനാ രീതി

 

റിവേഴ്സ് ഇമേജ് ഉപയോഗിച്ച് ബൂംലൈവ് നടത്തിയ പരിശോധനയിലാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന സമയത്തെ ചിത്രവുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തിയത്. 2020 മാര്‍ച്ച് 12ലെ ചിത്രമായിരുന്നു സിന്ധ്യയുടേത്.

ഈ ചിത്രത്തിലെ പശ്ചാത്തലവും ബൊക്കെയും ജെപി നദ്ദയുടെ മുഖഭാവവും ഒന്നാണ്. വ്യാപക പ്രചാരം നേടിയ സച്ചിന്‍ പൈലറ്റിന്‍റെ ചിത്രത്തില്‍ സച്ചിന്‍റെ മുഖത്തിന്‍റെ ആനുപാതികതയിലും വ്യത്യാസം കണ്ടെത്താനായി.

മറ്റൊരു ചിത്രത്തില്‍ നിന്ന് സച്ചിന്‍റെ മുഖം ക്രോപ്പ് ചെയ്ത് സിന്ധ്യയുടെ മുഖത്തിന് പകരം വച്ചാണ് വ്യാജ ചിത്രമുണ്ടാക്കിയത്. 

 

നിഗമനം

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേര്‍ന്നതായി ചിത്രം സഹിതം നടക്കുന്ന പ്രചാരണം വ്യാജമാണ്

click me!