മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ കൊവിഡ് പടരുമോ? കോട്ടയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം

By Elsa Tresa JoseFirst Published Jul 27, 2020, 3:24 PM IST
Highlights

മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ പടരുമോ കൊവിഡ് 19. കൊറോണ വൈറസ് ഈ പുകയിലൂടെ പടരുമെന്ന നിലയിലെ പ്രതിഷേധങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ?

കോട്ടയം: കൊവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ വൈറസ് പടരുമോ? കോട്ടയം ചുങ്കം സ്വദേശി നടുമാലിൽ ഔസേഫ് ജോര്‍ജിനെ സംസ്കരിക്കാന്‍ കൊണ്ടുവന്ന സമയത്ത് നടന്ന വ്യാപക പ്രചാരണത്തിന്‍റെ അടിസ്ഥാനമെന്താണ്?.

പ്രചാരണം

കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്ന സമയത്തുണ്ടാവുന്ന പുകയിലൂടെ വൈറസ് വ്യാപനം നടക്കും. മൃതദേഹത്തില്‍ നിന്നുള്ള സ്രവങ്ങളിലൂടെ വൈറസ് വ്യാപിക്കും. മരണ ശേഷമാണ് കോട്ടയം സ്വദേശി ഔസേപ്പ് ജോർജ്ജിന് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ ബിജെപി കൗൺസിലറുടെ നേതൃത്വത്തില്‍ തദ്ദേശവാസികൾ പ്രതിഷേധിച്ചിരുന്നു.

 

കൊവിഡ്; മുണ്ടക്കയത്തെ സംസ്കാരം ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടയാൻ ശ്രമം, ബോധപൂര്‍വ്വമെന്ന് സിപിഎം

വസ്തുത

കൊവിഡ് സ്ഥിരീകരിച്ച മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ വൈറസ് വ്യാപിക്കില്ല. കൊറോണ വൈറസിന്‍റെ വ്യാപനത്തിന് സ്രവത്തിന്‍റെ സാന്നിധ്യം അത്യാവശ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന സ്രവത്തിലൂടെയാണ് വൈറസ് വ്യാപനം നടക്കുന്നത്.

വസ്തുതാ പരിശോധനാരീതി

(ചിത്രം: ഡോ. മുഹമ്മദ് അഷീല്‍)

മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുകയിലൂടെ കൊവിഡ് 19 വൈറസ് വ്യാപിക്കില്ലെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് അഷീല്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ച് ആളുകളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാനദണ്ഡങ്ങളിലും ഇത് വ്യക്തമാണെന്ന് ഡോക്ടര്‍ മുഹമ്മദ് അഷീല്‍  പറയുന്നു. കൊവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിച്ച ശേഷമുള്ള ചാരം മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വിലക്കില്ലെന്ന് മുഹമ്മദ് അഷീല്‍ വ്യക്തമാക്കുന്നു. 

(ചിത്രം: കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശം)

മൃതദേഹത്തിന് സ്വമേധയാ സ്രവം പുറത്ത് എത്തിക്കാന്‍ സാധിക്കില്ല. ഇത്തരം വൈറസ് വ്യാപന സമയത്ത് മൃതദേഹ സംസ്കാരത്തിന് സ്വീകരിക്കാവുന്ന മികച്ച രീതിയാണ് ദഹിപ്പിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു. എബോള പടര്‍ന്ന സമയത്താണ് മൃതദേഹം ദഹിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കിയത്. എബോള ഏത് രീതിയിലും പടരാം എന്ന കാരണം കൊണ്ടായിരുന്നു ഇതെന്നും ഡോക്ടര്‍ വിശദമാക്കുന്നു. എന്നാല്‍ കൊവിഡ് 19ന്‍റെ കാര്യം വ്യത്യസ്തമാണ്. ഉയര്‍ന്ന ചൂടിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ഈ സമയത്ത് വൈറസ് വ്യാപിക്കില്ലെന്നും വിശദമാക്കിയ ഡോക്ടര്‍ മൃതദേഹം സംസ്കരിക്കുന്നത് തടയാനായി മാസ്ക് ധരിക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൂട്ടം കൂടിയാല്‍ പ്രതിഷേധക്കാര്‍ക്ക് അസുഖം വരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

കൊവിഡ് ബാധിച്ച മരിച്ചവരുടെ സംസ്കാരം സംബന്ധിച്ച് കേന്ദ്രമിറക്കിയ മാർഗനിർദേശം 

നിഗമനം
കൊവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുകയിലൂടെ വൈറസ് വ്യാപിക്കുമെന്ന പ്രചാരണം തെറ്റാണ്.

പൂച്ചക്കുട്ടിയെ ജീവനോടെ കത്തിച്ച ദാരുണ സംഭവം; പ്രതിയുടേതായി പ്രചരിക്കുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയുടേത്

അമേരിക്കയില്‍ പഠിച്ചിട്ടും പൊള്ളാച്ചിയിലെ ഗ്രാമത്തില്‍ സേവനം ചെയ്യുന്ന ഡോക്‌ടര്‍; വൈറല്‍ പോസ്റ്റിലുള്ളത് നടി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!