ചെന്നൈ: സാമൂഹ്യമാധ്യമങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ പതിവാണ്. ഇത്തരത്തിലൊരു തെറ്റായ പ്രചാരണം തമിഴ്‌ നടി അഭിരാമി വെങ്കടാചലത്തിന്‍റെ ചിത്രം സഹിതം കേരളത്തില്‍ പ്രചരിക്കുകയാണ്. അമേരിക്കയിൽനിന്ന് പഠിച്ചിട്ടും പൊള്ളാച്ചിയിലെ ഗ്രാമത്തില്‍ പാവപെട്ടവരെ ശുശ്രൂഷിക്കുന്ന ഡോക്‌ടര്‍... എന്ന നീണ്ട കുറിപ്പോടെയാണ് അഭിരാമിയുടെ ചിത്രം പ്രചരിക്കുന്നത്. 

 

പ്രചാരണം ഇങ്ങനെ

'ഇത് ഡോക്ടർ ഫാത്തിമ ഫെമി അൻസാരി, തമിഴ്‌നാട്ടിലെ പൊള്ളാച്ചി എന്ന ഗ്രാമത്തിലെ സർക്കാർ ഡിസ്പെൻസറിയിലെ ഡോക്ടർ, അമേരിക്കയിൽ നിന്നും പഠിച്ചു ഡോക്റ്റർ ആയി വന്നു പാവപെട്ടവരായ ഗ്രാമവാസികൾക്ക് വേണ്ടി ആതുര ശുശ്രൂഷ നടത്തുന്നു, എല്ലാവരും ഇവിടെ പഠിച്ചു അമേരിക്കയ്ക്ക്‌ വണ്ടി കയറുമ്പോൾ അമേരിക്കയിൽ പഠിച്ചു പൊള്ളാച്ചി പോലെ ഒരു ഗ്രാമത്തിലേക്ക് ഇവര്‍ വണ്ടി കയറി, ആർക്കും എന്ത്‌ സഹായത്തിനും ഏത് സമയത്തും ഇവരെ വിളിക്കാം, സ്കൂളിൽ കുട്ടികൾക്ക് ഫീസ്, യൂണിഫോം, കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം അങ്ങനെ പലതും.

ഷെയർ ചെയ്യുക'

ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റിന് അഞ്ചൂറോളം ലൈക്കും 150ലേറെ ഷെയറുമാണ് ലഭിച്ചത്. മറ്റൊരു പോസ്റ്റിനാവട്ടെ ആയിരത്തിലേറെ ലൈക്കും ഷെയറും ലഭിച്ചു. എന്നാല്‍ പിന്നീട് ഇത് ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്‌തു. 

 

വസ്‌തുത

വൈറല്‍ പോസ്റ്റില്‍ പറയുന്നതുപോലയല്ല കാര്യങ്ങള്‍ എന്ന് വ്യക്തമായിരിക്കുന്നു. അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്‌ത നേര്‍ക്കൊണ്ട പാര്‍വൈ എന്ന തമിഴ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ അഭിരാമി വെങ്കടാചലത്തിന്‍റെ ചിത്രമാണ് വൈറല്‍ പോസ്റ്റിനൊപ്പം പ്രചരിക്കുന്നത്. അമിതാഭ് ബച്ചന്‍ നായകനായ 'പിങ്കിന്റെ' തമിഴ് റീമേക്കായിരുന്നു നേര്‍ക്കൊണ്ട പാര്‍വൈ. 

 

വസ്‌തുതാ പരിശോധന രീതി

പ്രചരിക്കുന്ന പോസ്റ്റിലുള്ളത് അഭിരാമി വെങ്കടാചലമാണെന്ന് പരിശോധനയില്‍ വ്യക്തമായി. അഭിരാമിയുടെ ചിത്രങ്ങള്‍ ഇക്കാര്യം ഉറപ്പിക്കുന്നു. 2019ല്‍ പുറത്തിറങ്ങിയ നേര്‍ക്കൊണ്ട പാര്‍വൈയില്‍ ഫാമിത ബാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിരാമി വെങ്കടാചലം വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്‍റെ ട്രെയ്‌ലറിലും അഭിരാമിയെ കാണാം.  

നിഗമനം

'അമേരിക്കയിൽനിന്ന് പഠിച്ചിട്ടും പൊള്ളാച്ചിയിലെ ഗ്രാമത്തില്‍ പാവപെട്ടവരെ ശുശ്രൂഷിക്കുന്ന ഡോക്‌ടര്‍' എന്ന കുറിപ്പ് വ്യാജമാണ്. ഫേസ്‌ബുക്കിലെ പോസ്റ്റിനൊപ്പമുള്ള ചിത്രം തമിഴ് നടി അഭിരാമി വെങ്കടാചലത്തിന്‍റേതാണ്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന തമിഴ് സിനിമയില്‍ നിന്നുള്ള ചിത്രമാണിത്. ബിഗ് ബോസ് തമിഴ് പതിപ്പിലെ ശ്രദ്ധേയ മത്സരാര്‍ഥി കൂടിയായിരുന്നു അഭിരാമി വെങ്കടാചലം.

പൂച്ചക്കുട്ടിയെ ജീവനോടെ കത്തിച്ച ദാരുണ സംഭവം; പ്രതിയുടേതായി പ്രചരിക്കുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയുടേത്

പാഞ്ഞുകയറിയ ട്രക്കിന്‍റെ തലയരിഞ്ഞ് ഹെലികോപ്റ്റര്‍; ഞെട്ടിക്കുന്ന അപകട ദൃശ്യം പഞ്ചാബില്‍ നിന്നോ?

ഇന്നാ പിടിച്ചോ 2000 സൗജന്യ നോക്കിയ ഫോണുകള്‍; ഫേസ്‌ബുക്ക് പോസ്റ്റ് വിശ്വസനീയമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​