വെന്‍റിലേറ്ററിലേക്ക് മാറ്റും മുൻപുള്ള ഡോ.അയിഷയുടെ വാക്കുകൾ; വൈറലായ സന്ദേശം വ്യാജം

By Web TeamFirst Published Aug 2, 2020, 8:29 PM IST
Highlights

മഹാമാരിക്കെതിരായ ഡോക്ടര്‍ ആയിഷയുടെ പോരാട്ടം പ്രമുഖ രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരുന്നു. ഡോക്ടര്‍ ആയിഷ മഹാമാരിയോട് പൊരുതി മരിച്ചുവെന്നും അവരുടെ അവസാന വാക്കുകള്‍ എന്ന രീതിയിലാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാപകമായ പ്രചാരണം നടന്നത്. 

കൊവിഡ് 19 ബാധിച്ച് ജീവന്‍ വെടിയേണ്ടി വന്ന ഡോക്ടര്‍ ആയിഷയേക്കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യുന്നത്. മഹാമാരിക്കെതിരായ ഡോക്ടര്‍ ആയിഷയുടെ പോരാട്ടം പ്രമുഖ രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരുന്നു. ഡോക്ടര്‍ ആയിഷ മഹാമാരിയോട് പൊരുതി മരിച്ചുവെന്നും അവരുടെ അവസാന വാക്കുകള്‍ എന്ന രീതിയിലാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാപകമായ പ്രചാരണം നടന്നത്. 

പ്രചാരണം

'സുഹൃത്തുക്കളേ കൊവിഡ് 19 നെതിരെ ഇനിയും പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ജീവന്‍ പിടിച്ച് നിര്‍ത്താനായി വെന്‍റിലേറ്ററിലേക്ക് മാറ്റുകയാണ്.നിങ്ങളുടെ സൌഹൃദത്തിന് നന്ദി, ഈ വൈറസ് മാരകമാണ് എല്ലാവരും സൂക്ഷിക്കണം. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, വിട.'  എന്നായിരുന്നു ഡോക്ടര്‍ ആയിഷ എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ ജൂലെ 31 വന്ന ട്വീറ്റ്. ഹോസ്പിറ്റല്‍ കിടക്കയില്‍ ചിരിച്ച് കൊണ്ട് കിടക്കുന്ന യുവതിയുടെ ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്.

ജൂലൈ 17ന് പിറന്നാള്‍ ആഘോഷിച്ച യുവ ഡോക്ടര്‍ എന്നായിരുന്നു ആയിഷയേക്കുറിച്ച് സമൂഹമാധ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഡോക്ടര്‍ ആയിഷയുടെ കുറിപ്പ് മാധ്യമ പ്രവര്‍ത്തകരും മറ്റ് പല മേഖലയിലെ പ്രമുഖരും ട്വീറ്റ് ചെയ്തു. 65 വയസില്‍ താഴെയുള്ളവരേയും കൊവിഡ് ബാധിക്കാം അങ്ങനെ ബാധിക്കുന്നവര്‍ എല്ലാം രക്ഷപ്പെടണമെന്നില്ല അതിനാല്‍ ജാഗ്രത പാലിക്കണം എന്ന രീതിയിലായിരുന്ന പ്രചാരണം. ഇതിന് പിന്നാലെയാണ് ആയിഷ മരിച്ചുവെന്ന രീതിയിലുള്ള പ്രചാരണം നടന്നത്. ആയിഷയുടെ സീല്‍ ചെയ്ത മൃതദേഹം ലഭിച്ചുവെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അറിയിക്കണമെന്ന് ആയിഷ പറഞ്ഞിരുന്നുവെന്നും ഈ അക്കൌണ്ട് നീക്കം ചെയ്യുകയാണ് എന്നും വിശദമാക്കുന്നആയിഷയുടെ സഹോദരിയെന്ന് അവകാശപ്പെടുന്ന രീതിയിലുള്ള പ്രതികരണമാണ്  പിന്നീട് ഈ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്ന് ഉണ്ടായത്.

ഇതോടെ ഡോക്ടര്‍ ആയിഷയുടെ മരണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

വസ്തുത

ഡോക്ടര്‍ ആയിഷ മരിച്ചുവെന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണെന്നും ആയിഷയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് വ്യാജമാകാനുമാണ് സാധ്യതയെന്നാണ് ഇന്‍റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വസ്തുതാ പരിശോധനാ രീതി

ഒക്ടോബര്‍ 2019ല്‍ ആരംഭിച്ച ഡോക്ടര്‍ ആയിഷയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ അവര്‍ ദക്ഷിണ അഫ്രിക്കയില്‍ നിന്നാണ് എന്നാണ് വിശദമാക്കുന്നത്. എന്നാല്‍ ഈ അക്കൌണ്ടില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളുടെ ശൈലിയും പ്രയോഗ രീതിയും ഇന്ത്യക്കാരന്റേതിന് സമാനമാണ്. റിവേഴ്സ് ഇമേജ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ആയിഷ വെന്‍റിലേറ്ററില് കിടക്കുന്നതായി വ്യക്തമാക്കാനായി ഉപയോഗിച്ച ചിത്രങ്ങള്‍ 2017ല്‍ അനസ്തേഷ്യ സ്ക്രീനിംഗിന് വേണ്ടി ഉപയോഗിച്ചതാണ് എന്നാണ് കണ്ടെത്തിയത്. ഈ ട്വിറ്റര്‍ അക്കൌണ്ട് വേരിഫൈ ചെയ്ത അക്കൌണ്ടുമല്ല. ആയിഷയുടേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നും മാസ്ക് കാണാനില്ല. വേരിഫൈഡ് ആയിട്ടുളള അക്കൌണ്ടുകളില്‍ കുറിക്കുന്ന പല കാര്യങ്ങളും ആയിഷയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലും വന്നിട്ടുണ്ട്.

ഇതെല്ലാം നല്‍കുന്ന സൂചന ഡോക്ടര്‍ ആയിഷ എന്ന പേരില്‍ ട്വിറ്ററിലുള്ള വ്യാജമായ ഒരു അക്കൌണ്ടാകാം എന്നതാണ്.

നിഗമനം

കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍ ആയിഷ മരിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലേ‍ വ്യാപകമാവുന്ന ട്വീറ്റുകള്‍ വ്യാജമാണ്.

click me!