'മാസ്ക് ധരിക്കുന്നത് എല്ലാവരിലും കൊവിഡ് എന്ന ധാരണയിൽ'; ഇങ്ങനെയൊരു സർക്കുലർ എയിംസ് പുറത്തിറക്കിയോ?

By Web TeamFirst Published Jul 31, 2020, 11:57 PM IST
Highlights

കൊവിഡിന്‍റെ ലക്ഷണങ്ങള്‍ മറ്റ് സാധാരണ അസുഖങ്ങളുമായി താരതമ്യം ചെയ്ത്കൊണ്ട് എയിംസിന്‍റെ സന്ദേശമാണ് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിട്ടുള്ളത്. എന്നാല്‍ ഈ വൈറല്‍ സന്ദേശത്തിന്‍റെ അടിസ്ഥാനമെന്താണ്?
 

രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ ആളുകള്‍ക്ക് ഇടയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പലതാണ്. എയിംസിന്‍റെ നിര്‍ദ്ദേശങ്ങള്‍ . ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ എന്ന് തുടങ്ങി നിരവധി ഫോര്‍വേഡ് മെസേജുകളാണ് സമൂഹമാധ്യമങ്ങളില്‍ ദിവസവും എത്തുന്നത്. കൊവിഡിന്‍റെ ലക്ഷണങ്ങള്‍ മറ്റ് സാധാരണ അസുഖങ്ങളുമായി താരതമ്യം ചെയ്ത്കൊണ്ട് എയിംസിന്‍റെ സന്ദേശമാണ് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിട്ടുള്ളത്. എന്നാല്‍ ഈ വൈറല്‍ സന്ദേശത്തിന്‍റെ അടിസ്ഥാനമെന്താണ്?

പ്രചാരണം
ചുമയ്ക്കുന്ന എല്ലാവരില്‍ നിന്നും ഓടി മാറേണ്ട കാര്യമില്ല. അതൊരു സാധാരണ ചുമയാകാം. തനിക്ക് ചുറ്റുമുള്ള എല്ലാവരിലും കൊവിഡ് ഉണ്ടെന്ന ധാരണയിലാണ് മാസ്ക് ധരിക്കുന്നത്. എന്നാല്‍ ദില്ലി എയിംസിന്റെ രോഗലക്ഷണ പഠനം അനുസരിച്ച് ചുമയും തുമ്മലും വരുന്നത് വായു മലിനീകരണം മൂലമാണ്. മൂക്കൊലിപ്പ്, ശരീര വേദന, ചെറിയ പനി, ബുദ്ധിമുട്ട് എന്നിവയോട് കൂടിയ ചുമ ഫ്ലൂ ആണ്. മൂക്കൊലിപ്പ്. ചുമ, തുമ്മല്‍ ഇവ സാധാരണ ജലദോഷത്തിന്‍റെ ലക്ഷണമാണ്. ചുമ, തുമ്മല്‍, ശരീര വേദന, ഉയര്‍ന്ന പനി,ശ്വാസ തടസം ഇവ കൊറോണ വൈറസിന്‍റെ ലക്ഷണമാണ്. ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാണ് വൈറലായ പ്രചാരണം വിശദമാക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ പ്രചാരത്തിലുള്ള ഈ സന്ദേശം അടുത്തിടെയാണ് വൈറലായത്. 

വസ്തുത
ദില്ലി എയിംസ് കൊറോണ വൈറസിന്‍റെ ലക്ഷണങ്ങള്‍ എന്ന പേരില്‍ ഇത്തരമൊരു നിര്‍ദ്ദേശം പുറത്തിറക്കിയിട്ടില്ല. മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമായി കൊവിഡ് ബാധയുടെ ലക്ഷണങ്ങളെ താരതമ്യം ചെയ്യുന്ന രീതിയില്‍ ഒരു നിര്‍ദ്ദേശവും  എയിംസ് പുറത്തിറക്കിയിട്ടില്ല.

വസ്തുതാ പരിശോധനാരീതി

മാര്‍ച്ച് 18ന് മുന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ കെ കെ അഗര്‍വാള്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ ചില നിര്‍ദ്ദേശങ്ങളുമായി ഈ വൈറല്‍ മെസേജിന് സാമ്യം കണ്ടെത്താന്‍ ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗത്തിന് സാധിച്ചു. അഗര്‍വാളിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കൊവിഡ് രോഗലക്ഷണങ്ങളേക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ചെറിയ ചില മാറ്റങ്ങളോടെയാണ് വൈറല്‍ മെസേജ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ എല്ലാ കൊവിഡ് രോഗികളില്‍ കാണാറുമില്ല. ഇത് ലോകാരോഗ്യ സംഘടന ഇതിന് മുന്‍പ് വ്യക്തമാക്കിയതാണ്. ഓരോ ആളുകളുടേയും ശരീരപ്രകൃതമനുസരിച്ച് രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

നിഗമനം

ശ്വസന സംബന്ധമായുണ്ടാകുന്ന ബുദ്ധിമുട്ടുകളെ മറ്റ് അസുഖങ്ങളുമായി താരതമ്യം ചെയ്യുന്ന രീതിയിലുള്ള എയിംസിന്‍റെ പഠനം എന്ന സന്ദേശം തെറ്റിധരിപ്പിക്കുന്നതും എയിംസിന്‍റെ  പേര് ദുരുപയോഗം ചെയ്യുന്നതുമാണ്.

ആശുപത്രി കിടക്കകൾ കയ്യേറി നായ്ക്കൾ; കൊവിഡ് - പ്രളയ കാലത്ത് ബിഹാറിലെ അനാസ്ഥയ്ക്ക് തെളിവോ ചിത്രം?    

കഴുകി ഉപയോഗിക്കാം, വൈറസ് പ്രൊട്ടക്ഷന്‍; 999 രൂപയ്ക്ക് ഖാദിയുടെ മൂന്ന് മാസ്‌ക്കെന്ന് പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

click me!