പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന് ആള്‍ക്കൂട്ട മര്‍ദനമോ? സത്യമോ വീഡിയോ- Fact Check

Published : May 18, 2024, 12:45 PM ISTUpdated : May 21, 2024, 09:37 AM IST
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന് ആള്‍ക്കൂട്ട മര്‍ദനമോ? സത്യമോ വീഡിയോ- Fact Check

Synopsis

എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിംഗ് മാനെ ആളുകള്‍ മര്‍ദിച്ചു എന്നാണ് പ്രചാരണം

എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് അടുത്തിടെ മുഖത്തടിയേറ്റു എന്നൊരു വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായുണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരു എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിംഗ് മാനെ കുറിച്ചും പ്രചാരണം സജീവമായിരിക്കുകയാണ്. ഭഗവന്ത് സിംഗിനെതിരെ പൊതുജനങ്ങള്‍ ഇളകിയെന്നും അദേഹത്തെ മര്‍ദിച്ചെന്നുമാണ് വീഡിയോ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നത്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

ഭഗവന്ത് സിംഗ് മാന് ജനങ്ങളുടെ അടിയേറ്റു എന്ന തലക്കെട്ടിലാണ് വീഡിയോ നിരവധിയാളുകള്‍ എക്‌സും ഫേസ്‌ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 42 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. 

വസ്‌തുതാ പരിശോധന

ഭഗവന്ത് സിംഗ് മാന് മര്‍ദനമേറ്റോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തുകയാണ് ആദ്യം ചെയ്‌തത്. എന്നാല്‍ ഈ പരിശോധനയില്‍ ആധികാരികമായ വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. ഭഗവന്ത് സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാണ് എന്നതിനാല്‍ ഇത്തരമൊരു ദാരുണ സംഭവം നടന്നിരുന്നുവെങ്കില്‍ അത് വലിയ വാര്‍ത്തയാവേണ്ടതായിരുന്നു. 

ഇതോടെ വസ്തുത മനസിലാക്കാന്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് ആളുകളുടെ മര്‍ദനമേല്‍ക്കുന്നതായി വീഡിയോയില്‍ കാണുന്നത് യുവ ജാട്ട് സഭ പ്രസിഡന്‍റ് അമന്‍ദീപ് സിംഗ് ബൊപ്പാരൈയാണ് എന്നാണ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച വാര്‍ത്തകളില്‍ കാണുന്നത്. ജമ്മുവിലെ ഒരു റാലിക്കിടെയായിരുന്നു ഈ സംഭവം. 

റാലിക്കിടെ ചിലര്‍ തന്നെ മര്‍ദിച്ചതായി വ്യക്തമാക്കി അമന്‍ദീപ് സിംഗ് ഫേസ്‌ബുക്ക് ലൈവ് നടത്തിയിരുന്നു. റാലിക്കിടെ അമന്‍ദീപ് സിംഗ് ബൊപ്പാരൈക്ക് മര്‍ദനമേറ്റതായി കശ്‌മീരിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. 

നിഗമനം

എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിംഗ് മാനെ ആളുകള്‍ മര്‍ദിച്ചു എന്ന പ്രചാരണം തെളിയിക്കുന്ന വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. അതേസമയം ഭഗവന്ത് സിംഗിന്‍റെ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് യുവ ജാട്ട് സഭ പ്രസിഡന്‍റ് അമന്‍ദീപ് സിംഗ് ബൊപ്പാരൈയാണ്. 

Read more: കേരളത്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ വര്‍ഗീയ തലക്കെട്ടില്‍ പ്രചരിക്കുന്നു- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check