
'ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ 74ാം സ്വാതന്ത്ര്യ ദിനച്ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തി. ഒരിക്കല്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നയിടത്ത് ഇന്ത്യന്‍ പതാക പാറുന്നു'. തുടങ്ങിയ കുറിപ്പുകളോടെ പ്രചരിക്കുന്ന ലാല്‍ ചൌക്കിന്‍റെ ചിത്രത്തിന്‍റെ സത്യാവസ്ഥയെന്താണ്?
പ്രചാരണം
ഇന്ത്യവിരുദ്ധതയുടെ അടയാളമായി നിലനിന്ന ഇടത്ത് ദേശീയതയുടെ അടയാളം എന്ന നിലയിലാണ് ലഡാക്കിലെ ബിജെപി എം പിയായ ജമ്യാങ് സെരിങ് നങ്യാല്‍ അടക്കമുള്ളവര്‍ ലാല്‍ ചൌക്കില്‍ ദേശീയപതാക പാറുന്ന ചിത്രം പങ്കുവച്ചത്. 'ഇന്ത്യാ വിരുദ്ധ ക്യാംപയിനുകളുടെ അടയാളമായ ലാല്‍ ചൌക്ക് ഇപ്പോള്‍ ദേശീയതയുടെ കിരീടമാണ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതില്‍ രാജ്യത്തോട് നന്ദിയുണ്ട്'. എന്ന കുറിപ്പോടെയാണ് ബിജെപി എംപി ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.
നിരവധിപ്പേരാണ് ചിത്രം ഏറ്റെടുത്ത് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചത്.
വസ്തുത
പത്ത് വര്‍ഷത്തോളം പഴക്കമുള്ള ലാല്‍ ചൌക്കിന്‍റെ ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് മാറ്റം വരുത്തിയാണ് വ്യാപക പ്രചാരണം നേടിയ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
വസ്തുതാ പരിശോധനാരീതി
74ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ലാല്‍ ചൌക്കില്‍ ഇന്ന് ദേശീയപതാക ഉയര്‍ത്തിയിട്ടില്ലെന്നാണ് ഇത്യാ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയിട്ടുള്ളത്. റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ 2010ലെ ചിത്രം മാറ്റം വരുത്തി പ്രചരിപ്പിക്കുകയായിരുന്നെന്നും കണ്ടെത്തി. ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനെന്ന് വിശേഷിപ്പിക്കുന്ന മുബഷീര്‍ മുഷ്താഖ് എന്നയാള്‍ 2010 ജൂണ്‍ 22ന് ഉപയോഗിച്ചിട്ടുള്ള ചിത്രത്തിലാണ് ദേശീയ പതാക മോര്‍ഫ് ചെയ്ത് വച്ച് പിടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ ടുഡേയുടെ ഫോട്ടോ ജേണലിസ്റ്റ് ആയ താരിഖ് അഹമ്മദും ഇന്ന് ലാല്‍ ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. ലാല്‍ ചൌക്കിലെ ക്ലോക്ക് ടവറില്‍ ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലെന്നും താരീഖ് പറയുന്നു.
നിഗമനം
ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്തിയെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.