കർഷകനെതിരെ തോക്ക് ചൂണ്ടി പൊലീസുകാരൻ; ചിത്രം നിലവിലെ പ്രതിഷേധങ്ങളുടേയോ?

By Web TeamFirst Published Sep 24, 2020, 9:34 PM IST
Highlights

കാര്‍ഷിക ബില്ലുകൾക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമായി തുടരുന്നതിനിടെയാണ് ഛത്തീസ്ഗഡിലെ കസ്ഡോള്‍ എംഎല്‍എ ശകുന്തള സഹുവാണ് ചിത്രം പങ്കുവച്ചത്. 

കോണ്‍ഗ്രസ് എംഎല്‍എ പങ്കുവച്ച കര്‍ഷകനെതിരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന പൊലീസുകാരന്‍റെ ചിത്രത്തിന്‍റെ വസ്തുതയെന്താണ്?  കാര്‍ഷിക ബില്ലുകൾക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമായി തുടരുന്നതിനിടെയാണ് ഛത്തീസ്ഗഡിലെ കസ്ഡോള്‍ എംഎല്‍എ ശകുന്തള സഹുവാണ് ചിത്രം പങ്കുവച്ചത്. 

'നിങ്ങളുടെ വെടിയുണ്ടകള്‍ ഉപയോഗിച്ച് എന്നെ കൊല്ലരുതേ. ഞാനിപ്പോള്‍ തന്നെ ഏറെ കഷ്ടപ്പാടിലാണ്. എന്‍റെ മരണത്തിന് കാരണം ഞാനൊരു കര്‍ഷകനായതാണ്' എന്ന കുറിപ്പോടെയാണ് ചിത്രം എംഎല്‍എ പങ്കുവച്ചത്. പ്രധാനമന്ത്രി കര്‍ഷകര്‍ക്കെതിരാണ് എന്ന ഹാഷ്ടാഗിലുമായിരുന്നു ചിത്രം പങ്കുവച്ചത്. ഛത്തീസ്ഗഡിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ചിത്രം പങ്കുവച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രം വൈറലാവുകയും ചെയ്തു. ട്വിറ്ററിലും ഫേസ്ബുക്കിലും ചിത്രത്തിന് വ്യാപക പ്രചാരണമാണ് ലഭിച്ചത്. 

2018 ലും ഈ ചിത്രം വൈറലായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന കിസാന്‍ മാര്‍ച്ചില്‍ നിന്നുള്ള ചിത്രം എന്ന അവകാശവാദത്തോടെയായിരുന്നു ഇത്.  റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ചിത്രം 2013ല്‍ നിന്നുള്ളതാണെന്ന് വ്യക്തമായതായി വസ്തുതാ പരിശോധക വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് വിശദമാക്കുന്നു.2013ല്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്ന് എടുത്തതാണ് ചിത്രം. ജില്ലാ ഭരണകൂടം നിരോധിച്ച മഹാ പഞ്ചായത്ത് നടത്തിയതുമായി നടന്ന സംഘര്‍ഷത്തിനിടയില്‍ നിന്നുള്ളതാണ് ചിത്രത്തിലെ സംഭവം. ഈ ചിത്രം സംബന്ധിച്ച നിരവധി വാര്‍ത്തകളും എന്നും വന്നിരുന്നു. 

തോക്ക് ചൂണ്ടി നില്‍ക്കുന്ന പൊലീസുകാരനെതിരെ ഇഷ്ടിക എടുത്ത് നില്‍ക്കുന്ന ചിത്രം കാര്‍ഷിക ബില്ലുകൾക്കെതിരായ പ്രതിഷേധത്തിനിടെയില്‍ നിന്നാണെന്നുള്ള രീതിയിലുള്ള പ്രചാരണം തെറ്റാണ്.
 

click me!