സോണിയ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ ബാര്‍ നര്‍ത്തകി എന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്‍റെ വസ്‌തുത

By Web TeamFirst Published Dec 9, 2020, 4:17 PM IST
Highlights

സോണിയ ഗാന്ധിയെ ബാര്‍ ഡാന്‍സറാക്കി പിറന്നാള്‍ ദിനം ട്വീറ്റുകള്‍. എന്നാല്‍ ചിത്രത്തിലുള്ളത് സോണിയ ഗാന്ധിയല്ല, വിഖ്യാത നടി മര്‍ലിൻ മൺറോ. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ 74-ാം ജന്‍മദിനമാണ് ഇന്ന്. സോണിയയുടെ പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായ ഹാഷ്‌ടാഗുകളിലൊന്നാണ് #BarDancerDay എന്നത്. ഒരു ഡാന്‍സറുടെ ചിത്രം സഹിതമാണ് ട്വീറ്റുകള്‍, ചിത്രത്തിലുള്ളത് സോണിയ ഗാന്ധിയാണെന്നും അവര്‍ മുമ്പ് ബാര്‍ നര്‍ത്തകിയായിരുന്നു എന്നും അവകാശപ്പെട്ടാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത്. ചിത്രത്തിലുള്ളത് സോണിയ തന്നെയോ? 

പ്രചാരണം ഇങ്ങനെ

സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളോടെയാണ് ട്വിറ്ററില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. സുനില്‍ കുമാര്‍ ചൗധരി എന്നൊരാളുടെ ട്വീറ്റ് ഇങ്ങനെ... സോണിയയ്‌ക്ക് നല്ലൊരു വര്‍ഷം ആശംസിക്കുന്നു, #HappyBirthdaySoniaGandhi #SoniaGandhi #wednesdaythought #BarDancerDay #अंतरराष्ट्रीय_बार_डांसर_दिवस എന്നിങ്ങനെയുള്ള ഹാഷ്‌ടാഗുകളും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. 

 

വസ്‌തുത

ചിത്രത്തിലെ നര്‍ത്തകിയുടെ മുഖത്തിന് സോണിയ ഗാന്ധിയുമായി സാമ്യമുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഈ ചിത്രം സോണിയയുടേതല്ല, എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണ്. വിഖ്യാത ഹോളിവുഡ് നടി മര്‍ലിൻ മൺറോയുടെ 1955ലെ 'ദി സെവൻ ഇയർ ഇച്ച്' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രത്തില്‍ സോണിയയുടെ തല എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.  

(യഥാര്‍ഥ ചിത്രം)

സോണിയ ഗാന്ധിയുടെ പിറന്നാള്‍ദിനം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ ചിത്രം മുമ്പും വൈറലായിട്ടുണ്ട്. ഒരു ബാര്‍ നര്‍ത്തകിയാണ് നമ്മെ ഭരിക്കുന്നത് എന്നോര്‍ത്ത് 135 കോടി ഇന്ത്യക്കാരും ലജ്ജിക്കണം എന്ന കുറിപ്പോടെയായിരുന്നു മുമ്പ് ഈ ചിത്രം പ്രചരിച്ചിരുന്നത്. 2014 മുതല്‍ ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. 

 

നിഗമനം

സോണിയ ഗാന്ധി ഒരു ബാര്‍ നര്‍ത്തകിയായിരുന്നു എന്ന അവകാശവാദത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പലരും ഷെയര്‍ ചെയ്യുന്ന ചിത്രം അവരുടേതല്ല. ഹോളിവുഡ് നടി മര്‍ലിൻ മൺറോയുടെ ഒരു വിഖ്യാത ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ തല എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത്. 

click me!