ഹിമ ദാസിന് ഒളിംപിക്‌സ് യോഗ്യത; പ്രചാരണം വ്യാജം

By Web TeamFirst Published Jan 17, 2021, 4:25 PM IST
Highlights

സ്‌പ്രിന്‍റ് സെന്‍സേഷന്‍ ഹിമ ദാസിന് ടോക്കിയോ ഒളിപിക്‌സിന് യോഗ്യത ലഭിച്ചോ?

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ടോക്കിയോ ഒളിംപി‌ക്‌സ് ഈ വര്‍ഷം നടക്കും. ഒളിംപിക്‌സിനായി ഇന്ത്യന്‍ സംഘത്തിന്‍റെ പരിശീലനം പുരോഗമിക്കുകയാണ്. ഇതിനിടെ സ്‌പ്രിന്‍റ് സെന്‍സേഷന്‍ ഹിമ ദാസിന് ടോക്കിയോ ഒളിപിക്‌സിന് യോഗ്യത ലഭിച്ചോ? യോഗ്യത കിട്ടി എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം

പ്രചാരണം

'ഗോള്‍ഡണ്‍ ഗേള്‍ ഹിമ ദാസ് 2021 ഒളിംപിക്‌സിന് യോഗ്യത നേടി. രാജ്യത്തിന്‍റെ അഭിമാനമായി മാറിയ പുത്രിക്ക് അഭിനന്ദനങ്ങള്‍' എന്ന തലക്കെട്ടിലാണ് ഹിമ ദാസിന്‍റെ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ കാണാം. 

 

വസ്‌തുത

ഹിമ ദാസിന്‍റെ ഒളിംപിക് യോഗ്യതയെ കുറിച്ചുള്ള പ്രചാരണം തെറ്റാണ്. ഹിമ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല എന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ 16-ാം തീയതി ഇന്ത്യ ടുഡേയോട് പറഞ്ഞത്. പ്രചാരണം വ്യാജമാണ് എന്ന് ഹിമ ദാസിന്‍റെ മാനേജര്‍ രാഹുല്‍ ട്രെഹാനും വ്യക്തമാക്കി. ഹിമ യോഗ്യത നേടിയതായി ദേശീയ മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ‌്തിട്ടുമില്ല.

നിഗമനം

വനിത അത്‌ലറ്റ് ഹിമ ദാസ് ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി എന്ന പ്രചാരണം വ്യാജമാണ്. എന്നാല്‍ താരത്തിന് യോഗ്യത നേടാന്‍ ജൂണ്‍ 29 വരെ സമയമുണ്ട്. ഇതിനായി പരിശീലനത്തിലാണ് ഹിമ ദാസ് എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പശ്‌ചാത്തലത്തില്‍ യോഗ്യതാ മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഒളിംപിക്‌സ് നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയുടെ റിഹേഴ്‌സല്‍? വൈറല്‍ വീഡിയോ ദില്ലിയില്‍ നിന്നുള്ളതോ...


 

click me!