ദില്ലി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ദില്ലി-ഹരിയാന അതിര്‍ത്തികളില്‍ കൂറ്റന്‍ ട്രാക്‌ടര്‍ റാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ചര്‍ച്ച തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ റാലി സംഘടിപ്പിക്കുമെന്ന തീരുമാനവുമായി മുന്നോട്ടുപോവുകയാണ് കര്‍ഷക സംഘടനകള്‍. ഇതിന്‍റെ ഭാഗമായി ട്രാക്‌ടര്‍ റാലിയുടെ റിഹേഴ്‌സല്‍ സംഘടിപ്പിച്ചോ ദില്ലിയില്‍ കര്‍ഷകര്‍?

പ്രചാരണം

ട്രാക്‌ടര്‍ റാലിയുടെ 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. 'ജനുവരി 26ന് നടക്കുന്ന ട്രാക്‌ടര്‍ റാലിക്കുള്ള റിഹേഴ്‌സല്‍ അവസാനിച്ചിരിക്കുന്നു, ജയ് കിസാന്‍' എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഈ ലിങ്കില്‍ കാണാം.

 

വസ്‌തുത

എന്നാല്‍ വൈറലായിരിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നുള്ളത് പോലുമല്ല എന്നതാണ് വസ്‌തുത. അയര്‍ലന്‍ഡില്‍ എല്ലാ വര്‍ഷവും നടക്കുന്ന ക്രിസ്‌തുമസ് പരേഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ഡെല്‍റ്റ അഗ്രി ബിസിനസ് എന്ന ഫേസ്‌ബുക്ക് പേജില്‍ ഈ വീഡിയോയുടെ പൂര്‍ണവും കൂടുതല്‍ ക്വാളിറ്റിയുമുള്ള ദൃശ്യം ഡിസംബര്‍ 16ന് പങ്കുവച്ചിട്ടുള്ളതായി കാണാം. വീഡിയോയിലെ ട്രാക്‌ടറുകളില്‍ കിസ്‌തുമസ് ട്രീയും മറ്റ് അലങ്കാരങ്ങളും കാണാനും സാധിക്കും. 

 

നിഗമനം

റിപ്പബ്ലിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷകര്‍ റിഹേഴ്‌സല്‍ റാലി നടത്തി എന്ന പ്രചാരണങ്ങള്‍ തെറ്റാണ്. അയര്‍ലന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ദില്ലിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നത്. 

ഹിന്ദിയിലുള്ള സൂചന ബോര്‍ഡുകള്‍ മായ്‌ക്കുന്ന വീഡിയോയും ചിത്രവും വൈറല്‍; സംഭവത്തിന് കര്‍ഷക സമരവുമായി ബന്ധമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​