
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഗാസയില്‍ നിന്ന് തൊടുത്ത റോക്കറ്റ് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുന്നത് തുടരുകയാണ് ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ ആക്രമണം ഗാസയെ താറുമാറാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഹമാസ് വീണ്ടും ഇസ്രയേലിന് മുകളിലേക്ക് റോക്കറ്റുകള്‍ പായിച്ചോ? അവിശ്വസനീയമായ തരത്തില്‍ ഇസ്രയേലി പട്ടണങ്ങളായ ടെല്‍ അവീവിനും ജാഫയ്‌ക്കും നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഇത് സത്യം തന്നെയോ എന്ന് പരിശോധിക്കാം.
പ്രചാരണം
ടെൽ അവീവ്, ജാഫ എന്നിവിടങ്ങളിൽ അഭൂതപൂർവമായ മിസൈൽ ആക്രമണം ഹമാസ് നടത്തുന്നു എന്ന തലക്കെട്ടോടെയാണ് ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സ്‌പ്രിന്‍ററിന്‍റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് 2023 ഒക്ടോബര്‍ 12-ാം തിയതിയാണ് ട്വീറ്റ് വന്നിരിക്കുന്നത്. വരുന്ന നിരവധി റോക്കറ്റുകളെ ഇസ്രയേലിന്‍റെ അയേണ്‍ ഡോം സംവിധാനം ആകാശത്ത് വച്ച് തകര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ ടെൽ അവീവ്, ജാഫ എന്നീ നഗരങ്ങളിലേക്കുള്ള ഹമാസിന്‍റെ റോക്കറ്റ് ആക്രമണം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. ഈ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഇതേ ദൃശ്യം രാജ്യാന്തര മാധ്യമമായ ദി ടെലഗ്രാഫ് 2023 ഒക്ടോബര്‍ 12ന് അപ്‌ലോഡ് ചെയ്‌തിട്ടുള്ളത് കണ്ടെത്താനായി. ഇസ്രയേലിന്‍റെ അയേൺ ഡോം ഹമാസ് റോക്കറ്റുകളെ അഷ്‌കെലോണിൽ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്നാണ് വീഡിയോയ്‌ക്ക് ദി ഗാര്‍ഡിയന്‍ നല്‍കിയിരിക്കുന്ന തലക്കെട്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ടെൽ അവീവ്, ജാഫ പട്ടണങ്ങള്‍ക്ക് നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തുന്ന ദൃശ്യങ്ങളല്ല എന്നുറപ്പിക്കാം.
Read more: അഫ്‌ഗാനില്‍ തോക്കുമായി നൃത്തം, ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ചതിന് പിന്നാലെ വീഡിയോ, സത്യമോ?
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.