Fact Check | ബുര്‍ഖ ധരിക്കാത്തതിന് ബസില്‍ നിന്ന് യാത്രക്കാരിയെ ഇറക്കിവിട്ടിട്ടില്ല; കേരളത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം

Published : Oct 14, 2025, 04:06 PM IST
fact check

Synopsis

സാരിയണിഞ്ഞ ഒരു സ്‌ത്രീയെ, ബുര്‍ഖ ധരിക്കാത്തതിന്‍റെ പേരില്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് ഉത്തരേന്ത്യന്‍ എക്‌സ് ഹാന്‍ഡിലുകള്‍ നടത്തുന്ന വ്യാജ പ്രചാരണം. വീഡിയോയുടെ വസ്‌തുത പുറത്ത്. ഫാക്‌ട് ചെക്ക് വാര്‍ത്ത വിശദമായി. 

കാസര്‍കോട്: ബുര്‍ഖ ധരിക്കാത്തതിന് കേരളത്തില്‍ ഒരു ബസില്‍ നിന്ന് യാത്രക്കാരിയെ മുസ്ലീം വിദ്യാര്‍ഥിനികള്‍ ഇറക്കിവിട്ടതായി നോര്‍ത്ത് ഇന്ത്യന്‍ എക്‌സ് ഹാന്‍ഡിലുകളുടെ വ്യാജ പ്രചാരണം വീണ്ടും. 2023-ല്‍ ഉത്തരേന്ത്യന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചതും, വസ്‌തുത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്കിലൂടെ അന്ന് പുറത്തുവിട്ടതുമായ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വ്യാജവും വര്‍ഗീയവുമായ തലക്കെട്ടുകളില്‍ എക്‌സില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. അതിനാല്‍ അന്നത്തെ സംഭവത്തിന്‍റെ വസ്‌തുത ഒരിക്കല്‍ക്കൂടി വിശദമായി അറിയാം.

വസ്‌തുതകള്‍ ഇങ്ങനെ

2023-ല്‍ കാസര്‍കോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്‌ടിപി റോഡിൽ ഭാസ്ക്കര നഗറിൽ ഖൻസ വനിത കോളേജിന് മുന്നില്‍ ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാർഥിനികള്‍ ബസ് തടഞ്ഞതായിരുന്നു വീഡിയോയ്‌ക്ക് ആധാരമായ സംഭവം. വിദ്യാർഥിനികള്‍ ബസ് തടയുന്നതിന്‍റെ വീഡിയോ പിന്നാലെ വർഗീയച്ചുവയോടെ നിരവധിയാളുകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുസ്ലീം വിദ്യാര്‍ഥിനികളും സാരിയുടുത്ത ഒരു സ്‌ത്രീയും തമ്മില്‍ ബസിനുള്ളില്‍ വച്ച് വാക്കുതര്‍ക്കം നടക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ ഈ വീഡിയോ 2023 ഒക്‌ടോബറില്‍ എക്‌സില്‍ പ്രചരിക്കപ്പെട്ടതാവട്ടെ വര്‍ഗീയനിറം ചാര്‍ത്തിയും. 

2023-ലെ എക്‌സ് പോസ്റ്റുകളിലൊന്നിന്‍റെ സ്‌ക്രീന്‍ഷോട്ട്

ഇതേ വീഡിയോയാണ് ഇപ്പോള്‍ 2025 ഒക്‌ടോബര്‍ മാസത്തിലും എക്‌സില്‍ വര്‍ഗീയമായി നോര്‍ത്തിന്ത്യന്‍ എക്‌സ് ഹാന്‍ഡിലുകള്‍ വ്യാപകമായി പോസ്റ്റ് ചെയ്യുന്നത്. കോളേജിന് മുന്നില്‍ ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭാസ്ക്കര നഗറിൽ വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായത് എന്ന് അന്നത്തെ സംഭവത്തെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളില്‍ വ്യക്തമായിരുന്നു. ബസ് തടഞ്ഞതിനിടെ വിദ്യാര്‍ഥിനികളും സാരി ധരിച്ച സ്ത്രീയും തമ്മില്‍ തര്‍ക്കവുമുണ്ടായി. ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ വര്‍ഗീയച്ചുവയോടെ എക്‌സില്‍ ഇപ്പോള്‍ വീണ്ടും പോസ്റ്റ് ചെയ്യപ്പെടുന്നത്.

2025-ലെ എക്‌സ് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍

വീഡിയോയുടെ വസ്‌തുത 2023-ല്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ടീം പുറത്തുവിട്ടിരുന്നു. ബസില്‍ നടന്ന സംഭവത്തിന് യാതൊരു വര്‍ഗീയ സ്വഭാവമുമില്ലെന്ന് കാസര്‍കോടുള്ള മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അന്ന് വ്യക്തമാക്കിയതാണ്. മാത്രമല്ല, വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ സംഭവത്തിന് യാതൊരു വര്‍ഗീയച്ചുവയുമില്ലെന്ന് അന്നത്തെ കുമ്പള എസ്എച്ച്ഒ അനൂപ് കുമാര്‍ ഇ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചിരുന്നു.

ബസിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് 2023 ഒക്‌ടോബറില്‍ വന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം. വീഡിയോയുടെ വസ്‌തുത ഈ വാര്‍ത്തയിലുണ്ട്.

അന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് ന്യൂസ് ഈ ലിങ്കില്‍ വായിക്കാം.

നിഗമനം

കേരളത്തില്‍ ബുര്‍ഖ ധരിക്കാത്തതിനാല്‍ ഹിന്ദു സ്ത്രീയെ ബസില്‍ യാത്ര ചെയ്യാന്‍ മുസ്ലീം വിദ്യാര്‍ഥിനികള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ വീഡിയോ സഹിതമുള്ള പ്രചാരണം പൂര്‍ണമായും വ്യാജമാണ്. വടക്കേയിന്ത്യന്‍ എക്‌സ് ഹാന്‍ഡിലുകള്‍ നടത്തുന്നത് അപകടകരമായ വര്‍ഗീയ പ്രചാരണമാണ്.

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

ഹോ, എന്തൊരു സ്നേഹബന്ധം! കടുവയെ താലോലിക്കുന്ന യുവതിയുടെ വീഡിയോയുടെ വസ്‌തുത മറ്റൊന്ന് ‌| Fact Check
ബൈക്ക് യാത്രക്കാരനെ കടുവ പിടിക്കുന്ന വീഡിയോ എഐ, ആരും വിശ്വസിക്കല്ലേ ‌| Fact Check